ഇഎംസിസി ബോംബാക്രമണ കേസ്: ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

  • 31/05/2021



കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ഇ എം സി സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. കേസിലെ മുഖ്യപ്രതി ഇ എം സി സി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡി എസ് ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്ബനിയാണ് ഇഎംസിസി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്ബനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവര്‍ക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു. പ്രിയങ്കയെ ചോദ്യം ചെയ്യുന്നതോടെ കേസിലെ സുപ്രധാന വിവരങ്ങളെല്ലാം ലഭ്യമാകുന്നെന്നാണ് പോലീസ് കരുതുന്നത്.

തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിന് പിന്നില്‍ ഷിജു വര്‍ഗീസും വിവാദ ദല്ലാളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഗോവയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജു വര്‍ഗീസിന്റെയും സഹായി ശ്രീകാന്തിനെ യും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കിയ വിനു കുമാറും അറസ്റ്റിലായി. സരിത നായരുടെ മുഖ്യ സഹായിയാണ് വിനു കുമാര്‍.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് കാക്കനാട്ടെ ഫ്‌ളാറ്റില്‍ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം കാര്യങ്ങള്‍ നീക്കാന്‍ ആയിരുന്നു പദ്ധതി. വിവാദ ദല്ലാളും ഷിജു വര്‍ഗീസും ആണ് കൊച്ചിയില്‍ ഗൂഢാലോചന നടത്തിയത്. വിനു കുമാറിനെ വിവാദ ഇടനിലക്കാരന് പരിചയപ്പെടുത്തിയത് സരിത നായര്‍ ആണെന്നും കരുതുന്നു. ഷിജു വര്‍ഗീസ്, സഹായി ശ്രീകാന്ത്, ബിനു കുമാര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.


Related News