പുതിയ ലോകം കുഞ്ഞുങ്ങളുടേത്, നാളെയുടെ ലോകത്തെ രൂപപ്പെടുത്തുന്നവര്‍; സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി

  • 01/06/2021





തിരുവനന്തപുരം: കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹചര്യത്തിലും ഒരു പുതുലോകം കെട്ടിപ്പടുക്കാന്‍ നമുക്കൊരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശയങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടത്

കോവിഡ് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം കേരളം മുന്നോട്ട്വെച്ച വിജയകരമായ മാതൃകയാണ് സ്‌കൂള്‍കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസമെന്ന ആശയം. ഇത്തവണ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിതന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരില്‍നിന്ന് നേരില്‍ ക്ലാസുകള്‍ കേള്‍ക്കാനും സംശയം തീര്‍ക്കുവാനും കഴിയും . ക്ലാസുകള്‍ ഡിജിറ്റലില്‍ ആണെങ്കിലും പഠനത്തിന് ഉത്സാഹം കുറയ്‌ക്കേണ്ട. പഠനം കൂടുതല്‍ ക്രിയാത്മകമാക്കാന്‍ സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുടെ എത്തിക്കുവാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വര്ഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തില് അലങ്കരിച്ച വേദിയില് ബലൂണുകള് പറത്തിയും മധുരം നല്കിയുമൊക്കെയാണ് ആഘോഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവര്‍ സംസാരിച്ചു. 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടനസമ്മേളനം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്തു. 

മമ്മൂട്ടി, മോഹന്‍ലാല്‍, കവി സച്ചിതാനന്ദന്‍, ശ്രീകുമാരന്‍ തമ്ബി, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസയര്‍പ്പിച്ചു. രാവിലെ 10.30ന് അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ 'കിളിക്കൊഞ്ചല്‍ ക്ലാസുകള്‍' ആരംഭിക്കും. 

പകല്‍ 11 മുതല്‍ യുഎന്‍ ദുരന്ത നിവാരണ വിഭാഗത്തലവന്‍ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യല്‍ പോളിസി അഡ്വൈസര്‍ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിക്കും. പകല്‍ രണ്ട് മുതല്‍ മൂന്നുവരെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ഇത്തവണ 45 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ വീടുകളിലിരുന്ന് പങ്കാളികളാകും.

Related News