ഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: മുഖ്യമന്ത്രി

  • 01/06/2021



തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒരു കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28,44,000 വാക്‌സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

28,44,000 ഡോസുകളില്‍ 24 ലക്ഷവും കോവിഷീല്‍ഡാണ്. പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായി വരികയാണ്. 45 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷനില്‍ മുന്‍ഗണന വിഭാഗക്കാരുടെ കുത്തിവയ്പ്പ് പൂര്‍ത്തിയായി വരികയാണ്. വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് ഇത് പൂര്‍ത്തിയാക്കും. വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യവും പിണറായി സഭയില്‍ പറഞ്ഞു.

ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിച്ചാല്‍ അത് മത്സരാധിഷ്ടിതമാകാന്‍ ഇടയാക്കും. ഇത് പ്രയോജനം ചെയ്യില്ല. വാക്‌സിന്‍ വില കൂടാനെ ഇത് സഹായിക്കൂ. അതിനാല്‍ കേന്ദ്രം ആഗോള ടെന്‍ഡര്‍ വിളിക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. ഈ നയം ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. കേന്ദ്രസര്‍ക്കാരിനെ ഈ അഭിപ്രായം വളരെ ശക്തമായി തന്നെ അറിയിച്ചിട്ടുള്ളതുമാണ്. പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ട്. ആവശ്യമായ അളവില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ കേരളം നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതിന് ചില ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News