ലക്ഷദ്വീപ് പരിഷ്കാരം: കലക്ടറുടെ കോലം കത്തിച്ചവരെ വിട്ടയക്കണമെന്ന് ഹൈക്കോടതി

  • 01/06/2021



കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് അടിയന്തര ചികില്‍സയ്ക്കായി വിമാനമാര്‍ഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാര്‍ഗരേഖ തയാറാക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം ചികില്‍സക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശങ്ങള്‍ ചികില്‍സയ്ക്ക് കാലതാമസുണ്ടാക്കുന്നുവെന്ന് ആരോപിച്ചുളള പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗരേഖ തയാറാക്കാന്‍ അഡ്മിനിസ്‌ട്രേഷനോട് കോടതി നിര്‍ദേശിച്ചു. പത്തുദിവസത്തിനകം മാര്‍ഗരേഖ തയാറാക്കി കോടതിയെ അറിയിക്കുകയും വേണം. മറ്റ് ദ്വീപുകളില്‍ നിന്ന് കവരത്തിയിലേക്ക് രോഗികളെ എത്തിക്കുന്നതിനും മാര്‍ഗരേഖ വേണമെന്നും കോടതി ആവശ്യപ്പെട്ടു.

കലക്ടറുടെ കോലം കത്തിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ അമിനിയിലുളള സി ജെ എം മുമ്പാകെ ഇന്നുതന്നെ ഓണ്‍ലൈന്‍ മുഖാന്തരം ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകളില്‍ കേസ് എടുത്തിട്ടും പൊലീസ് തടഞ്ഞുവച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ മനപൂര്‍വം തടഞ്ഞുവെച്ചിട്ടില്ലെന്നും ബോണ്ട് ഉള്‍പ്പടെയുളള ജാമ്യ വ്യവസ്ഥകള്‍ പാലിക്കാതെ വന്നതോടെയാണ് വിട്ടയക്കാതിരുന്നതെന്നും പോലിസ് കോടതിയെ ബോധിപ്പിച്ചു. ജാമ്യ വ്യവസ്ഥകള്‍ നടപ്പായാല്‍ ഇന്ന് തന്നെ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Related News