ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നുവെന്ന് വീണ ജോര്‍ജ്; സഭയില്‍ പ്രതിപക്ഷ ബഹളം

  • 02/06/2021



തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. പ്രതിപക്ഷം ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

ആരോഗ്യപ്രവര്‍ത്തകരെ പ്രതിപക്ഷം ഇകഴ്ത്തി എന്ന വാക്ക് മന്ത്രി പിന്‍വലിക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റൊരു തരത്തില്‍ കാണരുതെന്ന് അടിയന്തപ്രമേയത്തിന് നോട്ടിസ് നല്‍കിയ എം.കെ മുനീര്‍ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടിസില്‍ ഡോ. എം.കെ. മുനീര്‍ ആരോപിച്ചു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്‌സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്‌സിന്‍ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നില്‍നില്‍ക്കുന്നത്. വാക്‌സിനേഷന് പത്തനംതിട്ടക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും മുനീര്‍ ആരോപിച്ചു.

കേന്ദ്രത്തിന്റേത് തെറ്റായ വാക്‌സിന്‍ നയമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ വ്യക്തമാക്കി. ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനത്ത് മരണനിരക്ക് കുറവാണ്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നതാണ് സര്‍ക്കാറിന്റെ നയമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കൊവിഡിനെതിരെ സ്വീകരിച്ചത് ശാസ്ത്രീയ ഇടപെടലാണ്. ലോകത്തിന് മാതൃകയാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Related News