ബംഗളൂരു കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി

  • 02/06/2021



ബംഗളൂരു: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ കര്‍ണാടകാ ഹൈക്കോടതി തള്ളി. പിതാവ് കോടിയേരിക്ക് അസുഖമാണെന്നും അതുകൊണ്ട് പിതാവിനെ കാണാന്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ബീനിന്റെ ഹര്‍ജി. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.

ബിനിഷിന്റെ അക്കൗണ്ടിലേക്ക് അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവന്‍ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് സംബന്ധിച്ച രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ ഒമ്ബതിലേക്ക് മാറ്റി. ഇ ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവിന് കോവിഡ് ബാധിച്ചതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. ഇന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദങ്ങളുമായി ബന്ധപ്പെട്ട മറുപടി ഇഡി അന്ന് നല്‍കും. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് നേരത്തെ ഇഡി കോടതിയില്‍ വാദിച്ചിരുന്നു.

ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്ന അഞ്ച് കോടിയിലധികം രൂപ കണക്കില്‍പ്പെടാത്ത പണമാണെന്നാണ് ഇഡിയുടെ പ്രാഥമിക വാദം. തുക വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ക്രയവിക്രയം നടത്തിയതെന്നാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം. കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് 224 ദിവസം പിന്നിട്ടിട്ടുണ്ട്.

Related News