കള്ളപ്പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല, ഓഡിയോ ക്ലിപ്പ് കൃത്രിമം: കെ സുരേന്ദ്രന്‍

  • 03/06/2021



കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം. കള്ളപ്പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല, ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങളോടും സഹകരിക്കുമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസന്വേഷണം തന്നിലേക്ക് നീളുന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളും, സിപിഎം ആരോപണങ്ങളും തികച്ചും ആസൂത്രിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ കേസ് അന്വേഷിക്കാന്‍ കേരള പോലീസിന് എന്ത് അധികാരമാണ് ഉള്ളത്? എന്തുകൊണ്ട് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നില്ല? നേതാക്കളെ അനാവശ്യമായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണ്.എന്തൊക്കെ സംഭവിച്ചാലും ബിജെപിയിലെ എല്ലാ നേതാക്കളും അന്വേഷണവുമായി സഹകരിക്കും. ബി.ജെ.പിയുടെ പണമല്ലാത്തതിനാലാണ് സഹകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ആദിവാസി നേതാവ് സി.കെ. ജാനുവിന് അവരുടെ ആവശ്യത്തിനായി താന്‍ പണം നല്‍കിയിട്ടില്ല. എന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല, തെരഞ്ഞെടുപ്പ് സമയത്ത് പലരുമായി സംസാരിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്ത് വവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാനുവുമായി സംസാരിക്കുകയോ അവരുടെ ആവശ്യത്തിനായി പണം നല്‍കുകയോ ചെയ്തിട്ടില്ല. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവശ്യത്തിന് വ്യവസ്ഥാപിതമായി രീതിയില്‍ പണം നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ശബ്ദരേഖയില്‍ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത, കെ. സുരേന്ദ്രന്‍ സി.കെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തെളിവിനായി പ്രസീതയും കെ. സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച് പറയുന്ന ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. എന്‍.ഡി.എയില്‍ ചേരുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് പണം കൈമാറിയതെന്നായിരുന്നു പ്രസീതയുടെ ആരോപണം.


Related News