18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ;1000 കോടി വകയിരുത്തി

  • 04/06/2021


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് അവതരണത്തിൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപനം. ഏറ്റവും വേ​ഗത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സീൻ നൽകുക എന്നതാണ് ഈ ഘട്ടത്തിലെ നിർണായക ദൗത്യമെന്ന് ധനമന്ത്രി ബാല​ഗോപാൽ പറഞ്ഞു. ഇതിന് കേരളം സജജമാണെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാരിന്റെ ചെലവിലാണെങ്കിൽ പോലും എല്ലാവർക്കും സൗജന്യമായി വാക്സീൻ എത്രയും വേ​ഗം ലഭ്യമാക്കും. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ചില നയപരമായ തീരുമാനങ്ങൾ ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതെല്ലാം ഏത് വിധേനയും പരിഹരിച്ച് വാക്സീൻ ലഭ്യമാക്കും. 

18  വയസ്സിന് മുകളിലുള്ളവർക്ക് വാക്സീൻ നൽകുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയാണ്. പക്ഷേ പൗരൻമാരുടെ ആരോ​ഗ്യം എന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന സർക്കാരിന് പിൻമാറാൻ കഴിയില്ല. അതു കൊണ്ട് തന്നെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തുന്നു. വാക്സീൻ വിതരണത്തിന് കുറ്റമറ്റ സംവിധാനം ആസൂത്രണം ചെയ്യും.

നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും കെ.എൻ ബാലഗോപാലിന്റെ കന്നി ബജറ്റിൽ ഇടംപിടിച്ചില്ല. കൃത്യം ഒരു മണിക്കൂർ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂർത്തിയായി പിരിഞ്ഞു. ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.

Related News