കേരള ബജറ്റ്: സംരംഭകര്‍ക്കും പ്രവാസികള്‍ക്കുമുള്ള നേട്ടങ്ങള്‍

  • 04/06/2021


രണ്ടാം ഇടതു സര്‍ക്കാരിന്റെ ആദ്യ  ബജറ്റില്‍ സംരംഭകര്‍ക്ക് ആശ്വാസമാകുന്ന ഒട്ടേറെ കാര്യങ്ങളാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംരംഭകര്‍ക്ക് ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഈ സാമ്പത്തിക വര്‍ഷം 4500 കോടി രൂപയുടെ പുതിയ വായ്പകള്‍ അനുവദിക്കും. താത്കാലിക കണക്കുകള്‍ പ്രകാരം കെഎഫ്‌സിയുടെ വായ്പ ആസ്തി 4500 കോടി രൂപയായി വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.  ഇതു കൂടാതെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയില്‍ നികുതി വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നികുതി വര്‍ധവ് പ്രഖ്യാപിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്തിട്ടുള്ള സംരംഭകര്‍ക്ക് തിരിച്ചടവിന്  ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 31 വരെ  കെ.എഫ്.സിയില്‍ നിന്ന് വായ്‌പെടുത്ത് കൃത്യമായി തിരിച്ചടച്ചവ് നടത്തിയ വ്യവസായികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ നല്‍കിയിരുന്നു.  എന്നാല്‍  കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ടൂറിസം മേഖലയും, ചെറുകിട വ്യവസായ മേഖലയും  വീണ്ടും പ്രതിസന്ധിയിലാക്കിയിരുന്നു.  ഇത് കണക്കിലെടുത്ത് ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം  വീണ്ടും അധിക വായ്പ നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന സംരംഭകര്‍ക്ക് തിരിച്ചടവിന് ഒരു വര്‍ഷം വരെയുളള മൊറട്ടോറിയം അനുവദിക്കും. മൊത്തം 40 ശതമാനം അധിക വായ്പ നല്‍കുന്ന പദ്ധതിയാണിതെന്നും ബജറ്റില്‍ പറയുന്നു.

കോവിഡ് ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് രോഗ വ്യാപനത്തെ തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നത്. ഏഴ് ശതമാനം പലിശ നിരക്കില്‍ ആണ് വായ്പ ലഭ്യമാക്കുക. ഓക്‌സിജന്‍ സിലിണ്ടര്‍, ഓക്‌സിജന്‍ ജനറേറ്റര്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേര്‍സ്, ലിക്വിഡ് ഓക്‌സിജന്‍, വെന്റിലേറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍, പോള്‍ട്ടബിള്‍ എക്‌സറേ മെഷീന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുളള യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് വായ്പ. 

ചെറുകിടഇടത്തരം സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും സഹായിക്കുന്നതിന് 1000 കോടി രൂപയുടെ വെര്‍ച്വല്‍ ക്യാപിറ്റല്‍ ഫണ്ട് പ്രഖ്യാപിച്ചതാണ് ബജറ്റില്‍ എടുത്തു പറയാനുള്ള മറ്റൊരു നേട്ടം.

ചെറുകിടഇടത്തരം സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും അതിവേഗ വളര്‍ച്ചയെ സഹായിക്കുന്നതിനായാണ് വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് സ്ഥാപിക്കുന്നത്. കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി, കേരള സംസ്ഥാന സഹകരണ ബാങ്ക്, വാണിജ്യ ബാങ്കുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയും വിദേശ മലയാളികളുടെ നിക്ഷേപത്തിലൂടെയുമാണ് ഇതിനായി ഫണ്ട് സമാഹരിക്കുന്നത്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വെന്‍ച്വല്‍ കാപ്പിറ്റല്‍ മേഖലയിലെ പരിചയസമ്പന്നരായ ആളുകളെ ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ മാനേജ്‌മെന്റ് ടീമിന് രൂപം നല്‍കും. ഈ ഫണ്ട് രൂപവത്ക്കരിക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്ക് ഒരു കോടി രൂപ വകയിരുത്തുമെന്നും ബജറ്റില്‍ പറയുന്നു.

അതേസമയം പ്രവാസി ക്ഷേമപദ്ധതികള്‍ക്കുളള ബജറ്റ് വിഹിതം 170 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് തിരികെ നാട്ടിലെത്തിയ തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. ഇവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിന് പ്രാപ്തരാക്കുന്നതിനുമുളള നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീമിലൂടെ കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുളള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

എം.എസ്.എം.ഇകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതാണ് ബജറ്റില്‍ എടുത്തു പറയേണ്ട മറ്റൊന്ന്. നിലവിലുളള എം.എസ്.എം.ഇകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധനവായ്പയും ടേം ലോണും ലഭ്യമാക്കും. ഇവയ്‌ക്കെല്ലാം കൂടി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പലിശ ഇളവ് നല്‍കുന്നതിനായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അതേസമയം വ്യവസായ വകുപ്പ് നിലവില്‍ നടപ്പിലാക്കി വരുന്ന സംരംഭകത്വ സഹായ പദ്ധതിയ്ക്ക് 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണിയും പലിശ സഹായവും നല്‍കുന്നതിനുളള പദ്ധതിയ്ക്ക് 15 കോടി രൂപയും അധികമായി മന്ത്രി ബാലഗോപാല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Related News