കെഎസ്ആര്‍ടിസി അവസാന നിമിഷത്തില്‍ സഹായിച്ചത് പ്രേംനസീറും ഷീലയും അഭിനയിച്ച കണ്ണൂര്‍ ഡീലക്‌സ് സിനിമ

  • 04/06/2021



കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന് സ്വന്തമായതിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന്റെ കഥയുണ്ട്. 2014 മുതലാണ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം ആരംഭിക്കുന്നത്.

1965ലാണ് കേരളത്തില്‍ കെഎസ്ആര്‍ടിസി രൂപീകരിക്കുന്നത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ രൂപീകരിക്കുന്നത് 1970കളിലാണ്. ചെന്നൈ ട്രേഡ് മാര്‍ക്ക്‌സ് റജിസ്ട്രിയില്‍ കര്‍ണാടകയും സമാനമായ പേര് രജിസ്റ്റര്‍ ചെയ്തു. 65 ല്‍ രൂപീകരിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും കേരളത്തിന് ഉണ്ടായിരുന്നില്ല.

കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു മുന്‍പു തന്നെ കേരളത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിലവിലുണ്ടെന്നു തെളിയിക്കുകയായിരുന്നു കേസില്‍ കെഎസ്ആര്‍ടിസിക്കു മുന്നിലുള്ള വലിയ വെല്ലുവിളി. ഇതിന് കേരളത്തെ സഹായിച്ചതാകട്ടെ പ്രേം നസീര്‍ നായകനായ കണ്ണൂര്‍ ഡീലക്‌സ് എന്ന സിനിമയും.

1969 ല്‍ പുറത്തിറങ്ങിയ പ്രേം നസീറും ഷീലയും അഭിനയിച്ച കണ്ണൂര്‍ ഡീലക്‌സ് പ്രധാനമായും ചീത്രീകരിച്ചത് എറണാകുളം സ്റ്റാന്‍ഡിലായിരുന്നു. കെഎസ്ആര്‍ടി ബസില്‍ നടക്കുന്ന കൊലപാതകവും അത് അന്വേഷിക്കാനെത്തുന്ന സിഐഡിയുമാണ് പ്രേം നസീര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ബസിനെ ചുറ്റിപ്പറ്റിയുള്ള കഥയായതിനാല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയുള്ള കണ്ണൂര്‍ ഡീലക്‌സ് ബസിലായിരുന്നു ചിത്രീകരണം.

കര്‍ണാടകവുമായുള്ള കേസില്‍ കേരളത്തിന്റെ പ്രധാന തെളിവുകളിലൊന്ന് ഈ സിനിമയുടെ സിഡിയായിരുന്നു. പണ്ട് കാലത്ത് ബസുകളില്‍ കെഎസ്ആര്‍ടിസി എന്ന് എഴുതാറുണ്ടായിരുന്നില്ല. ട്രാന്‍സ്‌പോര്‍ട്ട് ബസ് എന്നു മാത്രമാണ് അറിയപ്പെട്ടിരുന്നത്. സിനിമയില്‍ രണ്ട് ആനകള്‍ ചേര്‍ന്നുള്ള ലോഗോയും ബസ്സും ബസ് സ്റ്റാന്റ് പരിസരവും വ്യക്തമായി കാണിക്കുന്നതിനാല്‍ കേരളത്തിന്റെ വാദത്തിന് കൂടുതല്‍ കരുത്തായി.

1965 മുതല്‍ മലയാളത്തിലെ പല സാഹിത്യ രചനകളിലും ലേഖനങ്ങളിലും കെഎസ്ആര്‍ടിസി ബസിനെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഇതും കേരളം ഹാജരാക്കി. മുന്‍ മന്ത്രിമാരായ ലോനപ്പന്‍ നമ്പാടന്റെയും ആര്‍.ബാലകൃഷ്ണപിള്ളയുടെയും പുസ്തകങ്ങളിലെ കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടാക്കി. ഇവയും ഹാജരാക്കി.

ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് കേരളത്തില്‍, കെ എസ് ആര്‍ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സര്‍വീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉള്‍പ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തില്‍ മായ്ച്ചു കളയാന്‍ പറ്റുന്നതല്ല ഇത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെ എസ് ആര്‍ ടി സിക്ക് ലഭിച്ച നേട്ടമാണെന്നായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞത്.









Related News