ആദ്യ ബജറ്റിന് കടുത്ത വിമര്‍ശനം; വെറും രാഷ്ട്രീയ പ്രസംഗമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സുരേന്ദ്രന്‍

  • 04/06/2021


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് കടുത്ത വിമര്‍ശനം. 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പറഞ്ഞത് ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കാന്‍ 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി ലോണുകളും പലിശ സബ്‌സിഡിക്കുമായി 8300 കോടി രൂപയും എന്നാണ്. എന്നാല്‍ ബജറ്റ് പ്രസംഗത്തിലെ നേരിട്ടു പണം നല്‍കുന്ന 8900 കോടി രൂപ എന്നത് സാമൂഹിക ക്ഷേമ പെന്‍ഷനാണെന്നു തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടെയാണ് കോവിഡ് പാക്കേജ് എന്നത് പൊള്ളയായ വാഗ്ദാനമാണെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നത്. പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നിരിക്കെ ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആക്ഷേപം. നിരവധി നേതാക്കളാണ് ബജറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം: എന്‍ കെ പ്രേമചന്ദ്രന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശാജനകമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായി പോയി. കഴിഞ്ഞ ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളില്‍ പലതിനും ഇതില്‍ തുടര്‍ച്ചയില്ലാതായി. കൊവിഡിന്റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്യുന്നില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേസമയം, ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, പദ്ധതികള്‍ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്നത് വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു.

ഡാമില്‍ നിന്ന് മണല്‍വാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി കേള്‍ക്കുന്നു: വി മുരളീധരന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി. 20,000 കോടിയുടെ കോവിഡ് പാക്കേജും 11,000 കോടിയുടെ തീരദേശ പാക്കേജും. 2020 ജനുവരിയില്‍ കോവിഡ് നേരിടാന്‍ പിണറായി വിജയന്‍ പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജ് എന്തായിരുന്നു.?

അതില്‍ 13,500 കോടിയും കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള ബില്‍ കുടിശികയ്ക്കായിരുന്നെന്ന് പിന്നീട് വ്യക്തമായി. സര്‍ക്കാരിന്റെ സാധാരണ ദൈനംദിന ചിലവ് എല്ലാം ചേര്‍ത്ത് ' 20,000 കോടി പാക്കേജ് ' എന്ന് പേരിട്ട് അവതരിപ്പിക്കുകയായിരുന്നു അന്ന്. പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ചോദിച്ചപ്പോള്‍ വായ്പ്പയെടുക്കുമെന്ന വ്യക്തതയില്ലാത്ത മറുപടിയായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റേത്. ഇപ്പോഴിതാ വീണ്ടുമൊരു 20,000കോടിയുടെ പ്രഖ്യാപനം. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ ഈ 20,000 കോടി.?

അങ്ങനെയെങ്കില്‍ അത് എവിടെ നിന്ന് കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കണം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 1000 കോടി കടമെടുക്കേണ്ടി വരുന്നവര്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജ് എങ്ങനെ പ്രാവര്‍ത്തികമാക്കും?. ഡാമില്‍ നിന്ന് മണല്‍വാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി കേരളം കേള്‍ക്കുന്നു !

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ ഐസക്ക് തുടങ്ങിയതാണ് മണല്‍വാരല്‍ കഥ. ഇതൊന്നുമല്ല, സാധാരണ ബജറ്റിന്റെ ഭാഗമായ പദ്ധതികളെ 'കോവിഡ് പാക്കേജ് ' എന്ന് ബ്രാന്‍ഡ് ചെയ്യുന്നതാണെങ്കില്‍ അത് തുറന്ന് പറയണം.. തീരദേശത്തിനായി 11,000കോടി നീക്കി വച്ചു എന്ന് പറയുന്നത് വാസ്തവത്തില്‍ തീരാ ദുരിതത്തില്‍ കഴിയുന്ന ആ ജനതയെ പരിഹസിക്കലാണ്. 201819ല്‍ തീരദേശത്തിനായി പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജിലെ എന്തെല്ലാം നടപ്പാക്കി. ?202021 ല്‍ പ്രഖ്യാപിച്ച തീരവികസനത്തിനായുള്ള 1000 കോടിയുടെ പാക്കേജും എവിടെയുണ്ടെന്ന് തീരവാസികള്‍ക്കെങ്കിലും കാണിച്ചുകൊടുക്കണം.!

ആദ്യ ബജറ്റ് കോര്‍പ്പറേറ്റ് ബജറ്റ്: എം.ടി രമേശ്


ആ പെരുംനുണയുടെ ബാധ്യതയുള്ള ബജറ്റ് 

കഴിഞ്ഞ സര്‍ക്കാരിന്റെ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെന്നായിരുന്നു. പുതിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തോമസ് ഐസകിന്റെ അവകാശവാദം പൂര്‍ണമായും തള്ളിക്കളയുകയാണ്. ആശങ്കാജനകമായ സാമ്ബത്തിക സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

എങ്കില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് തോമസ് ഐസക് നുണപറഞ്ഞത് എന്തിനായിരുന്നു.? അദ്ദേഹം പറഞ്ഞ പെരുംനുണയുടെ ബാധ്യത തുടര്‍ഭരണം വന്നപ്പോള്‍ എല്‍ഡിഎഫിന് തന്നെ വന്നുചേര്‍ന്നിരിക്കുന്നു. ഇനി ഈ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുക്കുകയല്ലാതെ മറ്റൊരു വഴിയും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നില്ല.

എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ ദാരിദ്ര്യ ലഘൂകരണ പദ്ധതികളിലൊന്ന് പോലും പുതുക്കിയ ബജറ്റില്‍ ഇല്ല. സംസ്ഥാന ത്തിന്റെ നികുതി വരുമാനം മെച്ചപ്പെടുത്താന്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും പ്രഖ്യാപിച്ചില്ല, കോടിക്കണക്കിന് നികുതി കുടിശ്ശിക പിരിച്ചെടുത്താല്‍ സംസ്ഥാന ഖജനാവിന് ഇപ്പോള്‍ മുതല്‍ക്കൂട്ടായേനെ. മുഖ്യമന്ത്രിയുടെ മുതലാളി സുഹൃത്തുക്കള്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് തോന്നുന്നു.

കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടില്‍ ഖജനാവില്‍ പട്ടി പെറ്റ് കിടന്നാലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകില്ല. കാരണം തന്റെ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന കോര്‍പ്പറേറ്റുകളെ പിണക്കാന്‍ പിണറായി വിജയന്‍ തയ്യാറല്ല, ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനും പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കാനും കാര്യമായ പദ്ധതികളില്ലാത്ത ഈ ബജറ്റ് ഏറെ നിരാശാജനകമാണ്.

20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് നിരാശാജനകമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ബഡ്ജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് കാരാറുകാരുടെ കുടിശിക വീട്ടാനല്ലാതെ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ഗ്രാന്‍ഡ് മാത്രമാണ് ബഡ്ജറ്റിന് ആധാരം. മറ്റൊരു ധനാഗമ മാര്‍ഗവും സര്‍ക്കാരിനില്ലെന്ന് വ്യക്തമായി. മറ്റു സംസ്ഥാനങ്ങളിലെല്ലാം നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോള്‍ കേരളത്തില്‍ അതിന് വേണ്ടിയുള്ള ശ്രമമില്ലെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡില്‍ നൂറുകണക്കിന് പേര്‍ ദിവസവും മരിക്കുമ്പോള്‍ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാതിരുന്നത് ജനദ്രോഹമാണ്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബഡ്ജറ്റില്‍ ഇല്ല. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒന്നും ബഡ്ജറ്റില്‍ ഇല്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ കേരളത്തിന്റെ പൊതുകടം കുറയ്ക്കാനാവുകയുള്ളൂ. എന്നാല്‍ ധനമന്ത്രി അടിസ്ഥാന സൗകര്യ മേഖലയെ പൂര്‍ണമായും അവഗണിച്ചു.

കൊവിഡ് സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടേയും വഴിയോര കച്ചവടക്കാരുടേയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചെങ്കിലും കേരള ബഡ്ജറ്റില്‍ അത്തരമൊരു ശ്രമവും ഇല്ല. കുട്ടനാടിന് വേണ്ടി സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി. ഇതുതന്നെയാണ് ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും വികസനത്തോടുള്ള സമീപനത്തിന്റെ വ്യത്യാസം.

കേന്ദ്ര പദ്ധതികളുടെ പുനരാവിഷ്‌ക്കരണം മാത്രമാണ് ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നത്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബഡ്ജറ്റ് പ്രസംഗത്തില്‍ അനാവശ്യമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ധനമന്ത്രി ചെയ്തത്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷം തോട്ടം മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related News