തേങ്ങ പൊട്ടിക്ക് സാമി.. ഇല്ലെങ്കില്‍ ഇങ്ങ് താ ഞാന്‍ പൊട്ടിക്കാം; ബിഗ്‌ബോസ് വിജയിയെ പ്രഖ്യാപിച്ച് സോഷ്യല്‍മീഡിയ

  • 04/06/2021


തിരുവനന്തപുരം: മിഥുനം സിനിമയില്‍ നെടുമുടിവേണുവിന്റെ കഥാപാത്രത്തോട് ജഗതീ ശ്രീകുമാറിന്റെ കഥാപാത്രം ചെയ്തത് പോലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏഷ്യാനെറ്റിനോട് ചെയ്തിരിക്കുന്നത്.തേങ്ങ പൊട്ടിക്ക് സാമി.. ഇല്ലെങ്കില്‍ ഇങ്ങ് താ ഞാന്‍ പൊട്ടിക്കാം എന്ന അവസ്ഥ.ബിഗ്‌ബോസ് സീസണ്‍ 3 വോട്ടിങ്ങിനുള്ള സമയം കഴിഞ്ഞ ഒരാഴ്ച്ചയാവാറായിട്ടും വിജയിയെക്കുറിച്ചോ ഗ്രാന്റ്ഫിനാലെയെക്കുറിച്ചോ ഒരു വിവരവും പുറത്ത് വിടാത്ത സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ സ്വയം അങ്ങ് വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

അവസാന റൗണ്ടില്‍ മത്സരിച്ച എട്ടു പേരില്‍ നിന്നും ഒന്നാം സ്ഥാനത്തേക്കും റണ്ണര്‍ അപ്പ് സ്ഥാനങ്ങളിലേക്കും വേണ്ടിയാണ് വിജയികളെ തെരഞ്ഞെടുക്കുക. എല്ലായിടത്തും മണിക്കുട്ടന്റെ പേരാണ് ഒന്നാം സ്ഥാനക്കാരനായി ഉയരുന്നത്.ഗൂഗിളില്‍ തിരഞ്ഞാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി മണിക്കുട്ടനാണ്. മണിക്കുട്ടന് 3.80 കോടി രൂപ, മറ്റു മൂന്നുപേര്‍ക്കും കോടികള്‍. ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രവചനം.ഇക്കഴിഞ്ഞ മെയ് 29 നാണ് വോട്ടിങ് അവസാനിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഷോ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിജയിയെ വോട്ടിലൂടെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഓരോ സ്ഥാനത്തിനും ലഭിക്കുന്ന തുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു പ്രവചനം.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകരില്‍ ആറുപേര്‍ക്ക് കോവിഡ് ബാധിച്ചതോടെ തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ ഷോ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.വന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പൊലീസും ചേര്‍ന്ന് ഹൗസ് പൂട്ടി സീല്‍വെക്കുകയും ചെയ്തു.മത്സരം തുടരാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അങ്ങിനെയാണ് വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താന്‍ തീരുമാനിച്ചത്.

മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, റംസാന്‍, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിലെ മത്സരാര്‍ത്ഥികള്‍.മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് മലയാളം മൂന്നു സീസണുകളുടെയും അവതാരകന്‍

എന്നാല്‍ തലസ്ഥാന നഗരിയിലാവും ഗ്രാന്റ്ഫിനാലെയെന്നും അവിടെ വച്ചാവും ഔദ്യോഗിക പ്രഖ്യാപനമെന്നും സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Related News