പതിനഞ്ച് ലക്ഷം ചോദിച്ചു, രണ്ട് ലക്ഷം തന്നു; കെ സുരേന്ദ്രനെതിരെ അപരന്‍

  • 05/06/2021



കാസര്‍കോട്: മഞ്ചേശ്വരത്ത് പിന്‍മാറാന്‍ ബി.ജെ.പി പണം തന്നുവെന്ന ആരോപണവുമായി ബി എസ് പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ കെ സുന്ദര രംഗത്ത്. മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ ആളായിരുന്നു കെ സുന്ദര. പത്രിക പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപ ബി.ജെ.പി നല്‍കിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.

പിന്മാറണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച പ്രാദേശിക ബി.ജെ.പി നേതാക്കളോട് 15 ലക്ഷം ചോദിച്ചെങ്കിലും രണ്ടര ലക്ഷമാണ് ലഭിച്ചതെന്നാണ് സുന്ദര ആരോപിക്കുന്നത്. രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും നല്‍കിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയിരിക്കുന്നത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി അപ്പോള്‍ നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞുവെന്ന് സുന്ദര വ്യക്തമാക്കുന്നു. പ്രാദേശിക ബി.ജെ.പി നേതാക്കളാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കായി തന്നെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതെന്നും സുന്ദര പറയുന്നു.

'അഞ്ചാറ് ആളുകള്‍ വൈകിട്ട് വീട്ടില്‍ വന്നു. നോമിനേഷന്‍ പിന്‍വലിക്കണം എന്ന് പറഞ്ഞു. രണ്ടര ലക്ഷം രൂപ തന്നു. ഫോണും തന്നു. അവരോട് ഞാന്‍ ചോദിച്ചത് പതിനഞ്ച് ആയിരുന്നു. വീട്ടിലെത്തി അമ്മയുടെ കൈയിലാണ് പൈസ കൊടുത്തത്. സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചിരുന്നു. ജയിച്ച് കഴിഞ്ഞാല്‍ വൈന്‍ ഷോപ്പും വീടും വേണമെന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാമെന്ന് എന്നോട് സമ്മതിച്ചു.' സുന്ദര ഒരു വാര്‍ത്താചാനലിനോട് വെളിപ്പെടുത്തി.

ഇത്തവണ ബി എസ് പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിച്ച് മത്സര രംഗത്ത് നിന്നും മാറുകയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. 89 വോട്ടുകള്‍ക്കാണ് അന്ന് കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

Related News