ജോര്‍ജിനെ മലര്‍ മിസ് തേച്ചതോ? അതോ മറന്നതോ? ആരാധകന്റെ സംശയത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

  • 05/06/2021



അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേമം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലര്‍ മിസും, ജോര്‍ജും, സെലിനും, മേരിയും എല്ലാം ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നു. എന്തിനേറെ പ്രേമം സൃഷ്ടിച്ച തരംഗം മലയാളവും കടന്ന് തെന്നിന്ത്യയിലാകെ പ്രഭാവം ചെലുത്തി. മറ്റു ഭാഷയിലും ചിത്രത്തിന്റെ റിമേക്കുകള്‍ പിറന്നു.

പ്രേമം പലവട്ടം കണ്ട പ്രേക്ഷകരില്‍ പോലും ഇന്നും മായാതെ നില്‍ക്കുന്ന ഒരു സംശയമാണ് സായിപല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം നിവന്‍ പോളിയുടെ ജോര്‍ജിനെ തേച്ചതാണോ അതോ മറന്നതാണോയെന്ന്. ഈ സംശയത്തിന് വര്‍ഷങ്ങള്‍ക്കു ശേഷം മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

ചിത്രത്തില്‍ മലര്‍ ജോര്‍ജിനെ മറന്നു പോവുന്നുണ്ട്. എന്നാല്‍ ക്ലൈമാക്‌സില്‍ ജോര്‍ജിന്റെയും സെലിന്റെയും വിവാഹത്തിന് എത്തിയ മലര്‍ കഴിഞ്ഞുപോയതെല്ലാം ഓര്‍ക്കുന്നുണ്ടെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച് അല്‍ഫോണ്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ ഇതിനെല്ലാമുളള ഉത്തരമുണ്ട്.

'പ്രേമം സിനിമയില്‍ ഒരു സംശയമുണ്ട്. ജോര്‍ജിനോട് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മലര്‍ ഒടുവില്‍ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. അവര്‍ക്ക് ശരിക്കും ഓര്‍മ നഷ്ടപ്പെട്ടോ? അതോ മനഃപൂര്‍വം ജോര്‍ജിനെ ഒഴിവാക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണോ? അതോ അടുത്തിടെ ഓര്‍മ തിരികെ ലഭിച്ച മലര്‍ ജോര്‍ജ് വിവാഹിതനാവുന്നതിനാല്‍ അവനോട് അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലേ? എന്റെ സുഹൃത്തുമായി ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്' എന്നായിരുന്നു ആരാധകന്റെ കമന്റ്.

ഓര്‍മ നഷ്ടപ്പെട്ട മലര്‍ ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ അറിവഴകനുമായി സംസാരിച്ചിരിക്കാം. അവിടെ എത്തിയപ്പോള്‍ സെലിനുമൊത്ത് ജോര്‍ജ് സന്തോഷവാനാണെന്ന് അവള്‍ക്ക് തോന്നിയിരിക്കാം. കൈ കൊണ്ട് 'സൂപ്പര്‍' എന്ന് പറഞ്ഞതില്‍ നിന്നും മലരിന് ഓര്‍മ തിരിച്ചു കിട്ടിയെന്ന് ജോര്‍ജിനും മനസിലായി. എന്നാല്‍ ഇത് സംഭാഷണങ്ങളില്‍ പറയുന്നില്ല. എന്നാല്‍, ഇത് ആക്ഷനിലൂടെയും വയലിനു പകരം ഹാര്‍മോണിയം സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓര്‍മ തിരികെ ലഭിച്ചു എന്നും അല്‍ഫോണ്‍സ് ഉത്തരം നല്‍കി.

Related News