ചോദ്യം ആക്ഷേപിച്ചെന്ന് പരാതി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

  • 07/06/2021

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ആദ്യ വാക്കൗട്ടിന് ഇന്ന് സഭ സാക്ഷ്യം വഹിച്ചു. ചോദ്യോത്തരവേളയില്‍ ഭരണപക്ഷ അംഗം ഉന്നയിച്ച ചോദ്യം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും അത് ഒഴിവാക്കണമെന്നും സഭയില്‍ പ്രതിപക്ഷ ആവശ്യപ്പെട്ടു.

എന്നാല്‍ ചോദ്യം ഉന്നയിച്ച അംഗം ആവശ്യപ്പെടാതെ അത് നീക്കം ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് നിലപാടെടുത്തതോടെ പ്രതിപക്ഷം സഭയില്‍നിന്ന് വാക്കൗട്ട് നടത്തി.

ആലത്തൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ ഡി പ്രസേനന്‍ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുര്‍ബലപ്പെടുത്തുന്നുവെന്ന പരാമര്‍ശം ചോദ്യത്തില്‍ വന്നതാണ് വിവാദമായത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയത്.

സംസ്ഥാനത്ത് ഓഖി, നിപാ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുര്‍ബലപ്പെടുത്താനനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്കിടയിലും ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ? ഇതായിരുന്നു വിവാദമായ ചോദ്യം.

പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സാധാരണഗതിയില്‍ ഉന്നയിക്കാറില്ല. അതിനാല്‍ തന്നെ ഇത് ചട്ടലംഘനമാണെന്ന പരാതിയാണ് വി.ഡി. സതീശന്‍ ഉന്നയിച്ചത്. സഭയിലെ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും റൂള്‍സ് ഓഫ് പ്രൊസീജിയറിനും എതിരായ ചോദ്യമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടികാട്ടി.

Related News