കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയത് ചെറുപ്പക്കാരില്‍: ആരോഗ്യമന്ത്രി

  • 07/06/2021



തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ചത് ചെറുപ്പക്കാരിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 21 നും 30 നും ഇടയില്‍ പ്രായമുള്ളവരിലാണ് കോവിഡ് വൈറസ് പിടിപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ഐ.ബി സതീഷ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി. 21നും 30നും ഇടയില്‍ പ്രായമുള്ള 2,61,232 പേര്‍ക്കാണ് രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ചത്.

ഇതിനു പുറമെ 31 നും 40 നും ഇടയില്‍ പ്രായമുള്ള 2,52,935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 2,33,126 പേര്‍ക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മദ്ധ്യവയസ്‌കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതല്‍ 81 മുതല്‍ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 81 നും 90 നും ഇടയില്‍ പ്രായമുള്ള 17,105 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 502 പേര്‍ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതല്‍ 80 വയസ് വരെ പ്രായമുള്ളവരില്‍ 1.94 ശതമാനവും 91 മുതല്‍ 100 വയസുവരെ പ്രായമുള്ളവരില്‍ 1.55 ശതമാനവുമാണ് മരണനിരക്ക്.

Related News