തെറ്റ് സമ്മതിച്ചതില്‍ സന്തോഷം; ക്ലബ് ഹൗസിലെ വ്യാജനോട് ക്ഷമിച്ച് പൃഥ്വിരാജ്

  • 08/06/2021

ക്ലബ് ഹൗസില്‍ തന്റെ പേരും ശബ്ദവും ഉപയോഗിച്ച മിമിക്രി കലാകാരനോട് ക്ഷമിച്ച് നടന്‍ പൃഥ്വിരാജ്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സൂരജ് നായര്‍ എന്ന കലാകാരന്റെ സന്ദേശവും അതിനൊപ്പം തനിക്ക് പറയാനുള്ളതും പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്.

സൂരജ് എന്ന മിമിക്രി കലാകാരനാണ് പൃഥ്വിരാജിന്റെ പേരും ശബ്ദവും ക്ലബ് ഹൗസില്‍ അനുകരിച്ചത്. സൂരജ് ഉദ്ദേശിച്ചത് നിരുപദ്രവകരമായ തമാശയായിരുന്നുവെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാല്‍ അതുണ്ടാക്കിയ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൂരജ് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാകുമെന്ന് കരുതുന്നുവെന്നും താരം. ക്ലബ് ഹൗസില്‍ 2500 കൂടുതല്‍ പേര്‍ സൂരജിന്റെ അനുകരണം കേട്ടിരുന്നു. ഇതില്‍ ഭൂരിപക്ഷം പേരും അത് താനാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകും. സിനിമാ മേഖലയില്‍ നിന്നും പുറത്തു നിന്നുമുള്ള നിരവധി സന്ദേശങ്ങളാണ് ഇതുസംബന്ധിച്ച് തനിക്ക് വന്നത്. ഇതേ തുടര്‍ന്നാണ് അത് ഉടനടി നിര്‍ത്തേണ്ടത് തനിക്ക് അത്യാവശ്യമായി തീര്‍ന്നത്.

സൂരജ് തന്റെ തെറ്റ് സമ്മതിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മിമിക്രി മനോഹരമായ കലയാണെന്നും മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ മിമിക്രിയിലൂടെയാണ് ചുവടുവെച്ചതെന്നും സൂരജിനോട് താരം ഓര്‍മിപ്പിക്കുന്നു.

Related News