കൊച്ചി തുറമുഖത്തിന് സമീപത്ത് പുതിയ ദ്വീപ് ഉയര്‍ന്നുവരുന്നുവെന്ന് റിപ്പോര്‍ട്ട്

  • 08/06/2021


കൊച്ചി: കൊച്ചി തുറമുഖത്തിന് സമീപത്ത് കടലിനടിയില്‍ നിന്നും പുതിയൊരു ദ്വീപ് ഉയര്‍ന്നു വരുന്നുവെന്ന് റിപ്പോര്‍ട്ട്. എട്ട് കിലോമീറ്റര്‍ നീളം, മൂന്നര കിലോമീറ്റര്‍ വീതി എന്നിവയാണ് കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ടയുടെ വലിപ്പം. കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പമാണ് ഇതിനുള്ളത്. 2018 ഡിസംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിന് ശേഷമാണ് കൊച്ചി തീരത്ത് തുരുത്ത് പൊങ്ങി വരുന്നതായി മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

എന്നാല്‍ കൊച്ചി തുറമുഖ കവാടത്തിന് ഏഴ് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള മണല്‍ത്തുരുത്ത് 21 അടി താഴ്ചയിലേക്ക് വരെ ഉയര്‍ന്ന് വന്നതോടെയാണ് തിട്ടയില്‍ അടിഞ്ഞു കൂടിയ മണലിന്റെ സാംപിളെടുത്ത് വിദഗ്ധര്‍ ഇവയെ പഠന വിധേയമാക്കാനൊരുങ്ങിയത്. വിഷയത്തെ കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് ഫിഷറീസ് വകുപ്പിന് സമര്‍പ്പിക്കുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല അറിയിച്ചു. അതേസമയം, ചെല്ലാനത്ത് നിന്നൂര്‍ന്ന് പോയ മണ്ണാണിങ്ങനെ അടിഞ്ഞ് കൂടിയതെന്നാണ് തീരദേശവാസികളുടെ വാദം. ആ മണ്ണ് തിരികെ തങ്ങളുടെ കരയിലിട്ട് കടലേറ്റം തടയണമെന്നാണവരുടെ ആവശ്യം. എന്തായാലും ഖനനത്തിന് പറ്റുന്ന മണല്‍ നിക്ഷേപമാണ് രൂപപ്പെട്ടതെങ്കില്‍ കോടികളുടെ ഖനന സാധ്യതകളാണ് തുറക്കപ്പെടുക.

Related News