ഒരു കോടി ഡോസ് വാങ്ങാനുളള ഓർഡർ റദ്ദാക്കിയെന്ന് കേരളം ഹൈക്കോടതിയിൽ; തുടർച്ചയായി അപേക്ഷിച്ചിട്ടും കമ്പനികൾ മുഖംതിരിച്ചെന്ന് വിശദീകരണം

  • 08/06/2021

കൊച്ചി: ഒരു കോടി വാക്‌സീൻ ഡോസുകൾ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സീൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സംസ്ഥാനങ്ങൾക്ക് വാക്‌സീൻ നൽകാൻ കഴിയൂ എന്ന് കമ്പനികൾ അറിയിച്ചതായി കേരളം ഹൈക്കോടതിയെ അറിയിച്ചു.

വാക്സീൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പുതിയ വാക്സീൻ വിതരണ നയം സംബന്ധിച്ച് നാളെ നിലപാടറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വാക്സീൻ നയത്തിൽ മാറ്റം പ്രഖ്യാപിച്ചത്. ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്നാണ് കേന്ദ്ര പ്രഖ്യാപനം.

ജൂൺ 21 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്സീൻ വാങ്ങി നൽകും. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാം. വാക്സീൻ വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സർവീസ് ചാ‍ർജ് മാത്രമേ വാങ്ങാനാകൂ. 

Related News