മറുപടിക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്നു; സര്‍ക്കാരിന് സ്പീക്കറുടെ റൂളിംഗ്

  • 10/06/2021

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിംഗ്. മദ്രസ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി സഭയില്‍ ഉത്തരം നല്‍കുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മറുപടി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തിലാണ് നടപടി. വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടല്‍ ഉണ്ടായെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മഞ്ഞളാംകുഴി എംഎല്‍എയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ചോദ്യോത്തര വേളയില്‍ മന്ത്രി നല്‍കേണ്ട ഉത്തരം ചോര്‍ന്നുവെന്നായിരുന്നു നോട്ടീസിലെ ആരോപണം. തുടര്‍ന്നാണ് സ്പീക്കര്‍ സര്‍ക്കാരിന് റൂളിംഗ് നല്‍കിയത്. വകുപ്പുതലത്തില്‍ നിന്ന് മന്ത്രിക്ക് എഴുതി നല്‍കേണ്ട വിവരണമാണ് ചോര്‍ന്നത്.

ഇത് നിയമസഭാ അംഗങ്ങളുടെ അവകാശ ലംഘനല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഗുരുതമായ വീഴ്ചയാണ് ഉണ്ടായതെന്നാണ് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

Related News