കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാനായി, ആശ്വസിക്കാനായിട്ടില്ല, നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍: മുഖ്യമന്ത്രി

  • 11/06/2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ ലോക്ഡൗണ്‍ ഫലപ്രദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. രണ്ടാം തരംഗം നിയന്ത്രിക്കാനായിട്ടുണ്ട്. അതേസമയം, പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ കോവിഡ് പരിശോധന കൂട്ടും.

ലോക്ഡൗണ്‍ ഇല്ലെങ്കിലും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റീവിറ്റിയില്‍ കുറവുണ്ടായെങ്കിലും പത്തില്‍ താഴെ എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായിട്ടില്ല. അതുകൊണ്ടാണ് ലോക്ഡൗണ്‍ നീട്ടിയത്. വാരാന്ത്യത്തിലെ സമ്ബൂര്‍ണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും എങ്കിലേ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിനും മൂന്നാം തരംഗത്തിനും ഇടയിലുള്ള ഇടവേള പരമാവധി വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി പരമാവധി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്പൂണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News