കാമുകിയെ 10 വര്‍ഷം വീട്ടില്‍ ഒളിപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

  • 11/06/2021

പാലക്കാട്: തന്റെ പ്രണയിനിയായ യുവതിയെ 10 വര്‍ഷക്കാലം റഹ്മാന്‍ എന്നയാള്‍ വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. ഉണ്ടായ ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ നെന്മാറ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി.

പ്രണയത്തിന്റെ പേരിലാണെങ്കില്‍ പോലും 10 വര്‍ഷം മുറിക്കുള്ളില്‍ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഈ നാളുകളില്‍ ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാന്‍. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്‌ബോള്‍ അങ്ങനെയാണ് മനസ്സിലാകുന്നത്. ഷിജി ശിവജി പറയുന്നു. ഒരു മലയാള മാദ്ധ്യമത്തിന്റെഓണ്‍ലൈന്‍ വിഭാഗത്തിനോട് വനിതാ കമ്മീഷന്‍ അംഗം ഇക്കാര്യം പറഞ്ഞത്.

ലോക്ക്ഡൗണ്‍ കാലയളവില്‍ പോലും വീട്ടിലിരിക്കാന്‍ സാധാരണകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. നീണ്ട 10 വര്‍ഷങ്ങളാണ് സജിത മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞത്. വേണ്ടത്ര സൂര്യപ്രകാശം പോലും ലഭിച്ചിട്ടിട്ടുണ്ടാകില്ല. 18 വയസ് മുതല്‍ ഒരു പെണ്‍കുട്ടിയുടെ മാനസികവും ശാരീരികവും ജൈവീകവുമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനാവശ്യമായ സാഹചര്യം ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കമ്മീഷന് ആശങ്കയുണ്ട്.

സജിത സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ കഴിഞ്ഞിരുന്നത് എന്നിരുന്നാല്‍ പോലും കമീഷന് ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്താതിരിക്കാനാവില്ല. പൊലീസിനോട് വിവരങ്ങള്‍ തിരക്കിയിരുന്നു. ഒരു തവണ കൗണ്‍സിലിങ് നല്‍കിക്കഴിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. ആവശ്യമെങ്കില്‍ ഇനിയും അത്തരം സഹായങ്ങള്‍ നല്‍കും. കര്‍ശനമായ ലോക്ക്ഡൗണായതിനാലാണ് കമ്മീഷന്‍ സജിതയെ സന്ദര്‍ശിക്കാത്തത്. ഉടന്‍തന്നെ അവരെ കാണും. അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി സാഹചര്യം മനസ്സിലാക്കും. വനിതാ കമ്മീഷന്‍ അംഗം അറിയിച്ചു.

Related News