പീഡനക്കേസില്‍ ഒളിവിലായ ടിക്ടോക് താരത്തെ പോലീസ് പൊക്കിയത് 'പാസ്‌പോര്‍ട്ട് കഥ' ചമച്ച്

  • 12/06/2021


തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ ടിക്ടോക് താരത്തെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളി (19)യെയാണ് പൊലീസ് പിടികൂടിയത്. കേസെടുത്തതോടെ ടിക്ടോകിലും സോഷ്യല്‍ മീഡിയയിലും അമ്പിളി എന്ന പേരിലറിയപ്പെടുന്ന വിഘ്‌നേഷ് ഒളിവില്‍ പോവുകയായിരുന്നു. ഒടുവില്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് പൊലീസ് 19കാരനെ കുടുക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിയായ 17കാരിയുമായി അമ്പിളി പരിചയത്തിലാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകള്‍ക്ക് മുമ്പ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതോടെ അമ്പിളി ഒളിവില്‍പോയി. തൃശൂര്‍ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് യുവാവ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇതിനിടെ കോഴിക്കോട്ടുനിന്ന് വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് അമ്പിളി പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് അമ്പിളിയുടെ പേരിലുള്ള പാസ്‌പോര്‍ട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമുള്ള കഥ പൊലീസ് തയ്യാറാക്കി. ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

പാസ്‌പോര്‍ട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്പിളിയുടെ പിതാവ് അമ്പിളിയെ ഇക്കാര്യം അറിയിക്കാന്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംഘം പിതാവിനെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് തിരൂരിലെ ബന്ധുവീട്ടില്‍നിന്ന് അമ്പിളിയെ കൈയോടെ പിടികൂടിയത്. പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിക്കുളങ്ങര സി.ഐ. എം.കെ. മുരളി, എസ്.ഐ. ഉദയകുമാര്‍, സിപിഒമാരായ അഖില്‍, സജീവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്ബിളി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ടിക് ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍സിലും വീഡിയോകളുമായി അമ്പിളി പ്രത്യക്ഷപ്പെട്ടിരുന്നു.

Related News