റാപ്പര്‍ വേടനെതിരെ മീ ടൂ ആരോപണം; 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' മ്യൂസിക് വീഡിയോ നിര്‍ത്തിവെച്ചു

  • 12/06/2021



മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവെച്ചു. മ്യൂസിക് വീഡിയോക്കൊപ്പം സഹകരിക്കുന്ന മലയാളി റാപ്പര്‍ വേടനെതിരെ ഉയര്‍ന്ന മീടുവിനെ തുടര്‍ന്നാണ് ഈ തീരുമാനം. ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയതാണെന്നും അതില്‍ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും മുഹ്‌സിന്‍ പരാരി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും നിര്‍ത്തിവെക്കുകയാണെന്നും മുഹ്‌സിന്‍ വ്യക്തമാക്കുന്നു. തന്റെ കമ്പനിയായ ദി റൈറ്റിംഗ് കമ്പനിയുടെ ബാനറിലാണ് നേറ്റീവ് ഡോട്ടര്‍ ഒരുക്കുന്നത്. ഈ ബാനറിന്റെ പേരിലാണ് വേടനെതിരെയുളള ആരോപണത്തെക്കുറിച്ച് മുഹ്‌സിന്‍ വിശദീകരിക്കുന്നതും.

സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിന്‍ പാരാരിയുടെ നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോ ആയിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍. ആല്‍ബത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയായിരുന്നു. ഗായികയായ ചിന്മയി, എന്‍ജോയ് എന്‍ജാമിയിലൂടെ പ്രശസ്തനായ അറിവ്, സ്ട്രീറ്റ് അക്കാദമിക്‌സിലെ റാപ്പര്‍ ഹാരിസ് എന്നിവര്‍ക്ക് പുറമെ വേടനും ഒന്നിക്കുന്നതായിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍. നേരത്തെ മാമുക്കോയയെ കേന്ദ്രകഥാപാത്രമാക്കിയ നേറ്റിവ് ബാപ്പ ഏറെ ചര്‍ച്ച ചെയ്യുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മാമുക്കോയക്കൊപ്പം, ബിജിബാല്‍, രശ്മി സതീഷ് എന്നിവരും ചേര്‍ന്നതായിരുന്നു ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്ണെന്ന മ്യൂസിക് വീഡിയോ.

വോയിസ് ഓഫ് വോയ്‌സ്‌ലെസ് എന്ന ഒറ്റ ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച മലയാളത്തിലെ പൊളിറ്റിക്കല്‍ റാപ്പറാണ് വേടന്‍. ഏറ്റവും അവസാനം പുറത്തിറങ്ങിയ വേടന്റെ വാ എന്ന ഗാനവും വലിയ ഹിറ്റായിരുന്നു. വിമണ്‍ എഗെയിനിസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജില്‍ അടക്കം വേടനെതിരെ ഒന്നിലധികം സ്ത്രീകള്‍ മോശം അനുഭവം പങ്കുവെച്ചിരുന്നു.

Related News