അഡ്മിനിസ്‌ട്രേറ്റര്‍ നാളെ ലക്ഷദ്വീപില്‍; കരിദിനം ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം

  • 13/06/2021

കവരത്തി: വിവാദങ്ങള്‍ക്കിടെ നാളെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നാളെ ദ്വീപിലെത്തും. അഡ്മിനിസ്‌ട്രേറ്ററുടെ വരവിനോട് അനുബന്ധിച്ച് നാളെ ദ്വീപില്‍ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപില്‍ പ്രതിഷേധം തുടരുകയാണ്.

അതേസമയം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടത് എം.പിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നല്‍കി. എളമരം കരീം, ബിനോയ് വിശ്വം, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നീ ഇടത് രാജ്യസഭാീഗങ്ങള്‍ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ. എം. ആരിഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ സഭാ ചട്ടം 222 പ്രകാരം ലോകസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെയും പ്രതിഷേധം ശക്തമാവുകയാണ്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഐഷയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും സംവിധായികയ്ക്കുണ്ട്. ബി.ജെ.പിയുടെ ലക്ഷദ്വീപ് അധ്യക്ഷന്‍ ആയിരുന്നു അയിഷയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ നേതാക്കളുടെ കൂട്ടരാജിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Related News