കൊച്ചിയില്‍ വരാതെ ലക്ഷദ്വീപിലേക്കു പോയത് എംപിമാരെ ഒഴിവാക്കാന്‍; നിയമപരമായി നേരിടുമെന്ന് ഹൈബി ഈഡന്‍

  • 14/06/2021കൊച്ചി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചിയില്‍ വരാതെ ലക്ഷദ്വീപിലേക്കു പോയത് എംപിമാരെ കാണുന്നത് ഒഴിവാക്കാനാണന്ന് ഹൈബി ഈഡന്‍ എംപി. ലക്ഷദ്വീപിലേക്കുള്ള എംപിമാരുടെ സന്ദര്‍ശനം തടയുന്നത് ഉള്‍പ്പടെയുള്ള ഭരണകൂടത്തിന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും, ഇതു സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ദ്വീപ് വിഷയത്തില്‍ പരിപൂര്‍ണമായും ലക്ഷദ്വീപ് സമൂഹത്തിനൊപ്പമാണ്. എവിടെ വച്ചായാലും കണ്ട് ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള എംപിമാരുടെ ആവശ്യവും അടുത്തകാലത്ത് ഇറക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവും അറിയിക്കുന്നതിനാണ് നെടുമ്പാശേരിയില്‍ കാത്തു നിന്നത്. ഈ സാഹചര്യത്തിലാണ് കൊച്ചി ഉപേക്ഷിച്ച് പോയിരിക്കുന്നത്. അദ്ദേഹം ഒളിച്ചോടി എന്നു പറയുന്നില്ല, ജനപ്രതിനിധികള്‍ കാത്തു നില്‍ക്കുമ്‌ബോള്‍ ഇതു മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം പോയതെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.

ഇന്ന് ലക്ഷദ്വീപിലേക്ക് എത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് മറ്റൊരു ഹെലികോപ്ടര്‍ മാര്‍ഗം ദ്വീപിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഒമ്പതരയോടെ പ്രഫുല്‍ പട്ടേല്‍ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് പ്രത്യേക ഹെലികോപ്ടറും തയ്യാറാക്കിയിരുന്നു. എന്നാല്‍ വിമാനത്താവളത്തിലേക്ക് പത്തരയോടെ എത്തിയ വിമാനത്തില്‍ പ്രഫുല്‍ പട്ടേല്‍ ഉണ്ടായിരുന്നില്ല.

ലക്ഷദ്വീപ് ജനങ്ങള്‍ ഇന്ന് അവിടെ കരിദിനമായി ആചരിക്കുകയാണ്. ഓരോ വീടിന്റെയും മുന്നില്‍ കറുത്ത കൊടി തൂക്കിയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഇത് നീക്കാനാവശ്യപ്പെട്ട് പൊലീസ് എത്തിയിരുന്നെങ്കിലും ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Related News