പത്ത് വര്‍ഷം യുവതി ഒളിച്ച് താമസിച്ച സംഭവം; ദുരൂഹതയില്ലെന്ന് പോലീസ്

  • 15/06/2021

പാലക്കാട്: നെന്മാറയില്‍ യുവതി പത്ത് വര്‍ഷം യുവാവിന്റെ വീട്ടില്‍ യുവതി ഒളിച്ചു താമസിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് വനിതാ കമ്മീഷന് സമര്‍പ്പിച്ചു.

നെന്‍മാറ സിഐ ദീപകുമാറാണ് റിപ്പോര്‍ട്ട് കൈമാറിയത്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യ തെളിവുകളും മൊഴികളും പുന:പരിശോധിച്ചു. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. മ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് നെന്മാറയില്‍ തെളിവെടുപ്പ്. കമ്മീഷന്‍ അംഗങ്ങള്‍ ആദ്യം വിത്തനശ്ശേരിയിലെത്തി സജിതയെയും റഹ്മാനെയും കാണും.

തുടര്‍ന്ന് അയിലൂരിലെത്തി മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. നെന്മാറ പൊലീസ് റഹ്മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.

റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്.

2021 ജൂണ്‍ 7 നാണ് അയിലൂര്‍ കാരക്കാട്ട് പറമ്ബ്‌സ്വദേശി റഹ്മാന്റെയും സജിതയുടെയും ജീവിതം ലോകം അറിയുന്നത്. ആ സംഭവത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇങ്ങനെ, മൂന്നു മാസം മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന മുഹമ്മദ് കനിയുടെയും ആത്തിക്കയുടെയും മകന്‍ റഹ്മാനെ കാണാതാവുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാര്‍ മാര്‍ച്ച് 10ന് നെന്മാറ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ 7, തിങ്കളാഴ്ച റഹ്മാന്‍ സ്‌കൂട്ടറില്‍ പോവുന്നത് ജ്യേഷ്ഠന്‍ ബഷീര്‍ നെന്മാറ ടൗണില്‍ വെച്ച് കാണുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

റഹ്മാനെ തന്റെ വാഹനത്തില്‍ പിന്തുടര്‍ന്ന ബഷീറിനെ കബളിപ്പിച്ച് റഹ്മാന്‍ കടന്നു കളഞ്ഞതോടെ, ഇക്കാര്യം ബഷീര്‍ പൊലീസിനെ അറിയിക്കുന്നു. പൊലീസ് നെന്മാറ ടൗണില്‍ നിന്നു തന്നെ റഹ്മാനെ പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. താന്‍ ഭാര്യയോടൊപ്പം നെന്മാറയ്ക്ക് സമീപം വിത്തിനശ്ശേരിയില്‍ വാടകയ്ക്ക് താമസിയ്ക്കുകയാണെന്ന് റഹ്മാന്‍ വ്യക്തമാക്കി. പൊലീസ് വിത്തിനശ്ശേരിയിലെ വാടക വീട്ടിലെത്തി. പത്തു വര്‍ഷം മുന്‍പ് കാണാതായ റഹ്മാന്റെ വീടിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന സജിത ആയിരുന്നു ഭാര്യ.

റഹ്മാന്റെ മുറിയിലായിരുന്നു കഴിഞ്ഞ പത്തു വര്‍ഷമായി സജിത താമസിച്ചിരുന്നത്. ആ വീട്ടിലെ ഒരാളും അറിയാതെ റഹ്മാനെ പ്രണയിച്ചിരുന്ന സജിത, പത്തുവര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങി. റഹ്മാന്‍ ആരുമറിയാതെ സജിതയെ തന്റെ മുറിയില്‍ പാര്‍പ്പിച്ചു. ഇവര്‍ ഇവിടെ മൂന്ന് മാസം മുന്‍പ് വരെ ഒരുമിച്ച് താമസിച്ചു. ഒടുവില്‍ വീട്ടില്‍ നിന്നും ഇറങ്ങി. ഇരുവരും വിത്തനശ്ശേരിയിലേയ്ക്ക് മാറുകയായിരുന്നു.

റഹ്മാന്റ മുറിയുടെ വാതിലിന് പുറമെ ജനലിലൂടെയും പുറത്തേക്ക് കടക്കാനുള്ള വഴി ഉണ്ടാക്കിയിട്ടുണ്ട്. ജോലിയ്ക്ക് പോയിരുന്ന സമയം സജിതയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആരും അറിയാതെ ഈ മുറിയില്‍ എത്തിച്ച ശേഷമാണ് റഹ്മാന്‍ പോയിരുന്നത്. മുറിയില്‍ ടി വിയുണ്ട്. പകല്‍ സമയം ഇയര്‍ ഫോണ്‍ ഉപയോഗിച്ച് ടി വി കാണും. റഹ്മാന്‍ വീട്ടിലെത്തിയാല്‍ ടി വി യുടെ ശബ്ദം കൂട്ടി വെച്ച് ഇവര്‍ സംസാരിയ്ക്കും.

വാതിലിന് ഇലക്‌ട്രോണിക് ലോക്ക് ഘടിപ്പിച്ചിരുന്നു. ഇതില്‍ തൊട്ടാല്‍ ഷോക്കടിയ്ക്കുമെന്ന് വീട്ടുകാരെ ഭയപ്പെടുത്തി. സജിത കുളിയ്ക്കുകയും, മറ്റു പ്രാഥമിക കാര്യങ്ങള്‍ ചെയ്തിരുന്നതും വീട്ടുകാര്‍ ഉറങ്ങിയ ശേഷമാണെന്നും റഹ്മാന്‍ പറയുന്നു.

Related News