അതിശക്തമായ കടല്‍ക്ഷോഭം: കോവളം ബീച്ചിലെ പ്രധാന നടപ്പാതയും സുരക്ഷാ ഭിത്തിയും തകര്‍ന്നു

  • 15/06/2021



തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ അതിശക്തമായ കടല്‍ക്ഷോഭത്തില്‍ കോവളം തീരത്തെ ഇടക്കല്ലിലും സീ റോക് ബീച്ചിലെ പ്രധാന നടപ്പാതയും സുരക്ഷാ ഭിത്തിയും തകര്‍ന്നു. നടപ്പാതയോട് ചേര്‍ന്നു നിന്ന തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും കടലെടുത്തു. കോവളം സിറോക് ബീച്ചിലെ കടല്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുകയും ചെയ്തു.

സ്വകാര്യ ഹോട്ടലുടമയുടെ നിയന്ത്രണത്തിലുള്ള പാര്‍ക്കിങ് ഭാഗത്തെ 50 മീറ്ററോളം ദൂരമുള്ള കോണ്‍ക്രീറ്റില്‍ തീര്‍ത്ത കരിങ്കല്‍ ഭിത്തികളും തിങ്കളാഴ്ച പുലര്‍ചെയോടെ കടലെടുത്തു. ഇവിടെ ഉണ്ടായിരുന്ന വൈദ്യുത തൂണുകള്‍, വിവിധ തരത്തിലുള്ള കേബിളുകള്‍ എന്നിവയും നശിച്ചു.

തിരയടി തുടരുന്നതിനാല്‍ ജെസിബി ഉപയോഗിച്ച് കൂടുതല്‍ കല്ലുകളിടാന്‍ നോക്കിയെങ്കിലും അതും കടലില്‍ ഒഴുകിപ്പോയി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തീരത്ത് സഞ്ചാരികള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. 

നടപ്പാത തകര്‍ന്നതോടെ ടൈലുകള്‍ പൂര്‍ണമായും നശിച്ചു. വിവരമറിഞ്ഞ് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ടൂറിസം ഓഫിസര്‍, കോവളം പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

അപകടഭീഷണിയെത്തുടര്‍ന്ന് ബീച്ചിലെ വൈദ്യുതിബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. 20 വര്‍ഷത്തിനുശേഷം ആദ്യമായാണ് ബീച്ചില്‍ ഇത്രയേറെ നാശനഷ്ടം ഉണ്ടാകുന്നത്. കടല്‍ക്ഷോഭം തുടര്‍ന്നാല്‍ കോവളം ബീച്ച് പൂര്‍ണമായും വെള്ളത്തിനടിയിലാകുമെന്നും ലൈറ്റ് ഹൗസ് ബീച്ച് മുതല്‍ സീറോക് ബീച്ച് വരെയുള്ള ഹോടെല്‍, റസ്‌റ്റോറന്റ് അടക്കമുള്ള സ്ഥാപനങ്ങളും അപകട ഭീഷണിയിലാണെന്നും ടൂറിസം പ്രൊടക്ഷന്‍ ആന്‍ഡ് ഡെവലപ്മന്റെ് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

Related News