ഇന്ന് മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  • 15/06/2021

സ്വര്‍ണാഭരണങ്ങളില്‍ ഗുണമേന്മ മുദ്രണം ചെയ്യുന്നത് ഇന്ന് മുതല്‍ നിര്‍ബന്ധമായി. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ ജ്വല്ലറികളില്‍ 14, 18, 22 കാരറ്റുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഹാള്‍മാര്‍ക്ക് മുദ്രയോടെ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. നേരത്തെ ജൂണ്‍ ഒന്നു മുതല്‍ ആഭരണങ്ങളില്‍ ഗുണമേന്മ മുദ്രണം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോവിഡ്19 വ്യാപനത്തിന് പശ്ചാത്തലത്തില്‍ നീട്ടി നല്‍കുകയായിരുന്നു. നിലവില്‍ രാജ്യത്ത് വില്‍ക്കപ്പെടുന്നതില്‍ 40 ശതമാനം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമാണ് ഹാള്‍മാര്‍ക്ക് ചെയ്യുന്നത്. കൂടാതെ, രാജ്യത്ത് നാല് ലക്ഷം ജ്വല്ലറികള്‍ ഉള്ളതില്‍ 35,879 എണ്ണം മാത്രമാണ് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുള്ളതെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവുണ്ടായതായി സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. നിലവിലെ സാഹചര്യമനുസരിച്ച് രാജ്യത്ത് ഒരു വര്‍ഷം 14 കോടി ആഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഹാള്‍മാര്‍ക്ക് ചെയ്യുന്നത് നടപ്പാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപനത്തിനുമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഡയറക്ടര്‍ ജനറല്‍ പ്രമോദ് തിവാരിയുടെ നേതൃത്വത്തിലുള്ള സമിതി ചുമതലപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 നവംബറിലാണ് ആഭരണങ്ങള്‍ക്ക് ഗുണമേന്മാ മുദ്ര നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. 2021 ജനുവരി 15 മുതല്‍ രാജ്യത്ത് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടെ കോവിഡ്19 വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രണ്ടു പ്രാവശ്യമായി സമയ പരിധി നീട്ടി നല്‍കുകയായിരുന്നു.

ഹാള്‍മാര്‍ക്കിംഗ്, അറിയേണ്ട കാര്യങ്ങള്‍: 

ലോഹത്തിന്റെ പരിശുദ്ധി ഉറപ്പാക്കി സര്‍ട്ടിഫൈ ചെയ്യുന്നതാണ് സ്വര്‍ണത്തിന്റെ ഹാള്‍മാര്‍ക്കിംഗ്. നിലവില്‍ സ്വര്‍ണ വില്‍പ്പനക്കാര്‍ക്ക് വേണമെങ്കില്‍ മാത്രം ഹാള്‍മാര്‍ക്കിംഗ് ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശം നിലവില്‍വന്നതോടെ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാണ്. വ്യാജവും ഗുണമേന്മ ഇല്ലാത്തതുമായ ആഭരണം നല്‍കി ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

പുതിയ നിയമം അനുസരിച്ച് വില്‍പ്പനക്കാര്‍ 14, 18, 22 കാരറ്റ് പരിശുദ്ധിയുള്ള ആഭരണങ്ങള്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്രയില്ലാതെ വില്‍ക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ വില്‍പ്പന നടത്തിയാല്‍ വില്‍പ്പനക്കാര്‍ക്ക് ആഭരണത്തിന്റെ വിലയുടെ അഞ്ച് മടങ്ങ് പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാം.

എല്ലാ ജ്വല്ലറികളിലും ആഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാകുന്നതോടെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാനും ശുദ്ധമായ സ്വര്‍ണം ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ആഭരണത്തിലെ ഹാള്‍മാര്‍ക്കിംഗ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് ഉറപ്പാക്കാന്‍ സ്വര്‍ണ്ണത്തിന്റെ കാരറ്റ്, ഗുണമേന്മ എന്നിവ ഉറപ്പാക്കുക. ബിഐഎസ് മാര്‍ക്ക്, ജ്വല്ലറിയുടെ ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക്, ഹാള്‍മാര്‍ക്കിങ് സെന്റര്‍ ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക.

Related News