ഫെയ്സ്ബുക്കില്‍ നിരവധി യുവാക്കളെ തേച്ച 'അശ്വതി അച്ചു' പിടിയില്‍; അറസ്റ്റിലായത് കൊല്ലം സ്വദേശിനി

  • 16/06/2021

ശാസ്താംകോട്ട: യുവതികളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. രമ്യയുടെയും പ്രഭയുടെയും ഫേസ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചാണ് അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളില്‍ അശ്വതി ശ്രീകുമാര്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. തുടര്‍ന്ന് യുവാക്കളുമായി മെസഞ്ചറിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം പണം ആവശ്യപ്പെടുകയായിരുന്നു.

അനുശ്രീ അനുവിന്റെ ബന്ധുവെന്ന് പറഞ്ഞ് പ്രതിയായ അശ്വതി യുവാക്കളെ നേരില്‍ക്കണ്ടും അക്കൗണ്ട് വഴിയും പണം സ്വീകരിച്ചിരുന്നു. നാലു വര്‍ഷത്തിനിടെ സമാന രീതിയില്‍ തട്ടിപ്പിനിരയായ യുവാക്കള്‍ ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്ന കുറിപ്പ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് തൃക്കാക്കര ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫേസ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തുടര്‍ന്ന് സുഹൃത്തുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയെ കണ്ടെത്തി ശൂരനാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

Related News