ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നു; റവന്യൂ വകുപ്പ് കൊടിനാട്ടി

  • 16/06/2021

കൊച്ചി: ലക്ഷദ്വീപില്‍ ഉടമകളെ അറിയിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കവരത്തിയില്‍ ഇരുപതിലേറെ കുടുംബങ്ങളുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് കൊടിനാട്ടി. എന്തിനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും അറിയാക്കാതെയാണ് നടപടികളെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ വികസനത്തിനായാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ലക്ഷദ്വീപ് വികസന അതോറിട്ടി നേരത്തെ കരട് നിയമം പുറത്തിറക്കിയിരുന്നു. ഈ കരട് നിയമം അതേപടി നടപ്പാക്കേണ്ടതുണ്ടോ എന്നതില്‍ തീരുമാനം ആയിട്ടില്ല. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ടു പോകുന്നത്.

തന്റെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ പ്രഫുല്‍ പട്ടേല്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭൂമി ഏറ്റെടുക്കല്‍ റവന്യൂ വകുപ്പ് വേഗത്തിലാക്കിയതെന്നതാണ് ശ്രദ്ധേയം.

Related News