ഈ 500 ല്‍ ഞങ്ങളില്ല എന്ന് പോസ്റ്റിട്ടവരൊക്കെ എവിടെ? കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് സോഷ്യല്‍മീഡിയ

  • 16/06/2021

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയുടെ വാക്കുകള്‍ കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാകുകയാണ്. സമൂഹമാധ്യമങ്ങളില്‍ വീണ്ടും '500' കണക്കുകള്‍ നിറയുകയാണ്. എന്നാല്‍ ഇത്തവണ 500 ആയുധമാക്കിയത് ഇടതു പക്ഷം ആണെന്ന് മാത്രം.

ചരിത്ര വിജയം നേടി പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ കയറിയപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കുന്നതിനു എതിരായി കോണ്‍ഗ്രസുകാര്‍ രംഗത്ത് എത്തിയിരുന്നു. ഇത് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിനും നടന്നു. ഇതിനെ തുടര്‍ന്ന് 'ആ അഞ്ഞൂറില്‍ ഞങ്ങളില്ല' എന്ന ഷാഫി പറമ്പില്‍ എംഎല്‍എയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. അതോടെ ഇടതുപക്ഷത്തിനെതിരെയുള്ള ക്യാംപയിന്‍ ആയി അത് മാറുകയും ചെയ്തു.

എന്നാല്‍ ഈ ക്യാംപയിന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് നേരെ തിരിച്ചു പ്രയോഗിക്കുകയാണ് ഇടതുപക്ഷം. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടമുണ്ടായതോടെ 'ആ ആഞ്ഞൂറില്‍ ഞങ്ങളില്ല.!' എന്ന പരിഹാസവുമായി ഇടത് എംഎല്‍എ ലിന്റോ ജോസഫ് എത്തി. ലിന്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസിന് നേരെ പരിഹാസം നിറയുകയുകയാണ്. ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയും സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തും പ്രചരിപ്പിക്കുകയാണ് ഇടതു സഖാക്കള്‍.

'എ കെ ജി സെന്ററില്‍ കേക്ക് മുറിച്ചപ്പോള്‍ കുരുപൊട്ടിയവരെല്ലാം എവിടെ?', 'ഈ 500 ല്‍ ഞങ്ങളില്ല എന്ന് പോസ്റ്റിട്ടവരൊക്കെ എവിടെ.??' തുടങ്ങിയ ചോദ്യങ്ങളാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. 'ലഡു വിതരണം ചെയ്താല്‍ കൊറോണ വരും, പൂ മാലയിട്ട് സ്വീകരിച്ചാല്‍ കൊറോണ വരില്ല' എന്ന് പരിഹസിക്കുന്നവരും ഉണ്ട്. കൂടാതെ 'സത്യപ്രതിജ്ഞ ചടങ്ങില്‍ വരില്ലെന്ന് പറഞ്ഞത് അസൂയ കൊണ്ടാണെന്നും' കോണ്‍ഗ്രസിനെ കളിയാക്കുന്നുണ്ട് പലരും. എന്തായാലും ട്രോളന്മാര്‍ ഈ വിഷയം ഏറ്റെടുത്തുകഴിഞ്ഞു

Related News