സര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി

  • 16/06/2021



തിരുവനന്തപുരം: സര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ഗണനാപദ്ധതികളുടെ അവലോകനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കൊച്ചി മെട്രോയുടെ പേട്ടമുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം 2022 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കും, കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും, ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തും, പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടര്‍മെട്രോ പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

സെമീഹൈസ്പീഡ് റെയില്‍വേയുടെ അവസാന അലൈന്‍മെന്റ് എത്രയും വേഗം പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാതം പഠനം വേഗത്തിലാക്കണമെന്നും മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കി മൂന്നുമാസത്തിനകം ഡിപിആര്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുകൂടാതെ, ദേശീയ ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണം, കൊച്ചി അര്‍ബന്‍ ഡെവലപ്പ്‌മെന്റ് ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഭാഗമായി കനാല്‍ ശുചീകരണത്തിന് വേഗത കൂട്ടണം, തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള ഫ്‌ളൈ ഓവറുകളുടെ നിര്‍മ്മാണം, ലൈറ്റ് മെട്രോയുടെ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം തേടല്‍ മുതലായ കാര്യങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News