ലക്ഷദ്വീപിലെ ഭൂമിയേറ്റെടുക്കല്‍ നടപടി നിര്‍ത്തിവെച്ചു

  • 17/06/2021



കവരത്തി: കവരത്തി ദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കൊടികള്‍ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ നിര്‍ത്തിയത്.

വിവാദമായ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയതിന്റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. കവരത്തി പിഡബ്ല്യുഡി ഓഫീസിന് എതര്‍വശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചുവന്ന കൊടി നാട്ടിയത്. എന്താനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിക്കാതെയായിരുന്നു നടപടി.

ലക്ഷ്ദ്വീപിന്റെ വികസനത്തിനായ വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് ലക്ഷദ്വീപ് വികസന അഥോറിറ്റി കരട് നിയമം. ഈ കരട് നിയമം അതേ പടി നടപ്പാക്കേണ്ടതുണ്ടോ എന്നതില്‍ തീരുമാനം ആയിട്ടില്ല. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. തന്റെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ അഡ്മിനിസ്‌ടേറ്റര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കല്‍ റവന്യു വകുപ്പ് വേഗത്തിലാക്കിയത്.

Related News