വനംകൊള്ള; ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ്

  • 17/06/2021


വയനാട്: സംസ്ഥാനത്ത് വനം കൊള്ളയിലെ ഭയാനകദൃശ്യം ആണ് വയനാട്ടില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ എങ്കിലും സമാനമായ മരം കൊള്ള നടന്നിട്ടുണ്ട്. കര്‍ഷകരെ മറയാക്കി വന്‍കിട മാഫിയകള്‍ക്ക് സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും വയനാട് സന്ദര്‍ശിച്ച അദ്ദേഹം ആരോപിച്ചു.

വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം ഈ വിഷയത്തില്‍ നടപടിയെടുത്തു എന്ന് എങ്ങനെ സര്‍ക്കാറിന് പറയാനാകും. സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാണ് ഇത്രയും വലിയ കൊള്ള നടന്നത്. വിവാദമായ ഉത്തരവില്‍ ഒരു സദുദ്ദേശ്യവും ഇല്ല. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പെട്ട പാവപ്പെട്ടവരുടെ ഭൂമിയില്‍ നിന്നും അവരെ കബളിപ്പിച്ച് ആണ് മരം മുറിച്ചു മാറ്റിയിട്ടുള്ളത്. റവന്യു വകുപ്പിന്റെ അകമഴിഞ്ഞ ഒത്താശയില്ലാതെ ഇത്തരമൊരു കൊള്ള നടക്കില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.

മരംകൊള്ള നടത്തിയവരെ വെറും കച്ചവടക്കാരായി ചിത്രീകരിക്കാനാണ് കാനം രാജേന്ദ്രന്‍ ശ്രമിക്കുന്നത്. വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും വയനാട്ടില്‍ മരംമുറി നടന്നിട്ടുണ്ട്. വിവാദ ഉത്തരവില്‍ മന്ത്രിസഭാംഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിനും ഉത്തരവാദിത്വം ഉണ്ട്.

വിവാദമായ ശേഷവും ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ന്യായീകരിക്കുകയാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കഴിയില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകണം. അതിന് തയ്യാറായില്ലെങ്കില്‍ സമരപരിപാടികളെക്കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും പ്രതിപക്ഷ പ്രതിനിധി സംഘം വയനാട്ടില്‍ വ്യക്തമാക്കി.

Related News