ഇംഗ്ലീഷില്‍ എട്ട് മാര്‍ക്ക്; പത്തില്‍ തോറ്റ ജോസ് ഇന്ന് ഡിവൈഎസ്പി

  • 17/06/2021

വര്‍ഷം 1995. മാര്‍ച്ച് മാസത്തിലെ വേനലില്‍ ജോസ് എന്ന പത്താം ക്ലാസ്സുകാരന്റെ കൈയ്യില്‍ ഇംഗ്ലീഷ് ചോദ്യപേപ്പര്‍ ഇരുന്നു വിറച്ചു. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പോലും പാടുപെട്ട ആ വിദ്യാര്‍ത്ഥി പരീക്ഷയില്‍ തോറ്റു. പൊതു പരീക്ഷയില്‍ ഇംഗ്ലീഷിന് മാര്‍ക്ക് എട്ട്. നാലക്ഷരം പഠിക്കാന്‍ കഴിവില്ലാത്തവനെ വര്‍ക്ഷോപ്പില്‍ ജോലിക്ക് വിടാനായിരുന്നു കുടുംബത്തിന് താത്പ്പര്യം. ജോസും അത് അംഗീകരിച്ചു. വര്‍ക്ഷോപ്പിലെ കരിപിടിച്ച ദിനങ്ങളില്‍ ഒന്നില്‍ ആ പതിനഞ്ച് കാരന്‍ ചിന്തിച്ചു, ഇനി റിപ്പയര്‍ ചെയ്യേണ്ടത് വാഹനങ്ങളല്ല തന്റെ ജീവിതമാണ്. മുന്നോട്ട് ഓടേണ്ടത് തന്റെ സ്വപ്നങ്ങളാണ്. നെറ്റിയിലെ വിയര്‍പ്പ് തുടച്ച് അന്ന് എഴുന്നേറ്റതാണ് ജോസ്. ഇംഗ്ലീഷിന്റെ അടിസ്ഥാന പാഠങ്ങള്‍ പോലും കൈവശമില്ലാതിരുന്ന ആ പാവപ്പെട്ട പയ്യന് പുത്തന്‍ കുതിപ്പ് അത്ര എളുപ്പമല്ലായിരുന്നു.

കിതച്ചു കിതച്ചു നില്‍ക്കുമെന്ന് തോന്നിയിടത്തൊന്നും ജീവിതമെന്ന വണ്ടി നിര്‍ത്താന്‍ ജോസ് പിന്നെ തയ്യാറായിട്ടേയില്ല. ഇപ്പോള്‍ ഫുള്‍ കണ്ടീഷനിലാണ്. ഇംഗ്ലീഷിന് മുന്നില്‍ വിറച്ച് നിന്ന ആ പയ്യനിന്ന് ഡിവൈഎസ്പി ജോസാണ്. റാങ്കുകളോടെ ഒട്ടേറെ ബിരുദങ്ങള്‍ നേടി ഇപ്പോള്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. തോല്‍വിയല്ല ജീവിതത്തിന്റെ അവസാന വാക്കെന്ന് ഒരുപാട് ചെറുപ്പക്കാരോട് ഡിവൈഎസ്പി ജോസ് ഒരു ചെറു ചിരിയോടെ പറയുമ്‌ബോള്‍ ആ ജീവിതം ചിലര്‍ക്കെങ്കിലുമൊരു പാഠപുസ്തകമാകുകയാണ്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര തമിഴ്‌നാട് അതിര്‍ത്തിയിലെ കൂതാളിയിലാണ് ജോസിന്റെ കുട്ടിക്കാലം. പ്ലാന്റേഷനിലെ ചെറിയ ജോലികള്‍ കരാറിനെടുത്ത് ചെയ്തിരുന്ന ആളായിരുന്നു അച്ഛന്‍ രാജയ്യ. അമ്മ മേരി വീട്ടമ്മ. നാലു മക്കള്‍. കൂതാളി സ്‌കൂളിലെ പിന്‍ബഞ്ചുകാരായിരുന്നു ജോസും കൂട്ടുകാരും. സ്‌കൂളില്‍ പോകുന്നതു പോലും കൂട്ടുകാരുമായി കമ്ബനിയടിക്കാന്‍ ആയിരുന്നു. ഇംഗ്ലീഷ് അക്ഷരമാല പോലും പൂര്‍ണമായി അറിയാതെയാണ് ആ വിദ്യാര്‍ത്ഥി പത്താംതരം വരെ എത്തിയത്.

ഒരിക്കല്‍ അധ്യാപകനായ സെല്‍വരാജ് ഒരു ഇംഗ്ലീഷ് കവിത വായിക്കാനായി ജോസിനോട് പറഞ്ഞു. അധ്യാപകന്‍ എത്ര പറഞ്ഞിട്ടും ഒരക്ഷരം പോലും വായിച്ചില്ല. സാറ് പൊതിരെ തല്ലി. ഒടുവില്‍ ആ സത്യം ജോസ് പറഞ്ഞു തനിക്ക് വായിക്കാനറിയില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ പത്താം ക്ലാസ് തോറ്റു.

ജോസിന്റെ തോല്‍വി വീട്ടുകാരേയോ അധ്യാപകരേയോ ഞെട്ടിച്ചില്ല. കൂതാളിയിലെ അനേകായിരം കൂലി തൊഴിലാളികളില്‍ ഒന്നായി ജോസും മാറി. വര്‍ക്ക്‌ഷോപ്പ് ജീവിതവുമായി മുന്നോട്ട് നീങ്ങി. ഇതിനിടയില്‍ എപ്പോഴോ കൂതാളിക്ക് പുറത്തേക്കുള്ള ലോകം ജോസിനെ വിളിച്ചു. പുറത്ത് കടക്കണമെങ്കില്‍ ആദ്യം പത്താം ക്ലാസ് എന്ന കടമ്പ കടക്കണം. പരീക്ഷ വീണ്ടും എഴുതണമെന്ന തീരുമാനമെടുത്ത ദിവസമാണ് ജീവിതത്തിലെ നാഴികക്കല്ല്.

രാവെന്നോ പകലെന്നോ ഇല്ലാതെ ജോസ് പഠിച്ചു. അങ്ങനെ എല്ലാവരുടേയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ജോസ് പത്താംതരം പാസായി. പത്താം ക്ലാസ് പാസായതോടെ ഇനി വിട്ടു കൊടുക്കില്ലെന്നായി. പ്രീഡിഗ്രിക്ക് തേര്‍ഡ് ഗ്രൂപ്പെടുത്ത് പാരലല്‍ കോളേജില്‍ പഠനം. സെക്കന്‍ഡ് ക്ലാസോടെ പ്രീ ഡിഗ്രി പാസായി. പിന്നെ ബിരുദ പഠനത്തിനായി ധനുവച്ചപുരം വിടിഎം എന്‍.എസ്.എസ്. കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം. കാര്യവട്ടം ക്യാമ്പസില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഫില്‍ നേടി. മലപ്പുറത്ത് പഞ്ചായത്ത് ക്ലര്‍ക്കായി ജോലി ലഭിച്ചെങ്കിലും അവധിയെടുത്ത് പഠനം തുടര്‍ന്നു.

സിവില്‍ സര്‍വീസിനായി ശ്രമിച്ചെങ്കിലും നാല് മാര്‍ക്കിന് പരാജയപ്പെട്ടു. പിന്നീട് നിരവധി സര്‍ക്കാര്‍ ജോലികള്‍ ലഭിച്ചെങ്കിലും പൊലീസിനോടായിരുന്നു കമ്പം. 2003ല്‍ പൊലീസില്‍ പ്രവേശിച്ചു. ജനങ്ങളുമായി അടുത്ത ബന്ധവും സൗഹൃദവും സൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജനമൈത്രി പോലീസ് ജനങ്ങളില്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും, സേനയ്ക്ക് ലഭിച്ച ഗുണങ്ങളെ കുറിച്ചുമായിരുന്നു ഗവേഷണത്തിനായി തിരഞ്ഞെടുത്ത വിഷയം. അങ്ങനെ പത്താം ക്ലാസ് തോറ്റവന്‍ ഡോക്ടറേറ്റ് വരെ നേടി.

പന്തളം എസ്.ഐ. ആയിരിക്കെ 2006ല്‍ യു.ജി.സി. സ്‌കെയിലില്‍ കോളേജ് അധ്യാപകനായി ജോലി ലഭിച്ചെങ്കിലും പൊലീസിനോടും പൊതുജന സേവനത്തോടുമുള്ള ഇഷ്ടം മൂലം സേനയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ലൈബ്രറി സയന്‍സ് പഠനകാലത്തെ സഹപാഠിയായിരുന്ന ഷൈനിയുമായുണ്ടായ പ്രണയം വി.വാഹത്തിലേക്കെത്തി. 

ഷൈനി അധ്യാപികയാണ്. മീനാക്ഷിയും, അനഘയുമാണ് മക്കള്‍. സംസ്ഥന പൊലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതി കരസ്ഥമാക്കുന്ന ഏക സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് ജോസ്. ഇപ്പോള്‍ ചെങ്ങന്നൂരില്‍ ഡിവൈഎസ്പിയായി സേവനമനുഷ്ഠിക്കുന്നു.

Related News