വാട്‌സാപ് സ്റ്റാറ്റസിന് കമന്റിട്ടു; 12 അംഗ സംഘം തകര്‍ത്തത് 3 വീടുകള്‍

  • 18/06/2021



ഒല്ലൂര്‍: വാട്‌സാപ് സ്റ്റാറ്റസിനു കമന്റിട്ടതിനു 12 അംഗ സംഘം തകര്‍ത്തത് 3 വീടുകള്‍. ഗുണ്ടാപട്ടികയിലുള്ള അഞ്ചേരി ജി.ടി. നഗറില്‍ മേനാച്ചേരി മിഥുന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി 9നാണ് അക്രമം നടന്നത്. മിഥുന്റെ മുന്‍ സുഹൃത്തുക്കള്‍ തന്നെയാണ് അക്രമത്തിന് പിന്നില്‍. വാതിലുകളില്‍ വാള്‍ കൊണ്ട് വെട്ടുകയും, ജനലുകള്‍ തകര്‍ക്കുകയും ചെയ്ത സംഘം മുറ്റത്തുണ്ടായിരുന്ന കാറിന്റെയും 2 ഓട്ടോറിക്ഷകളുടെയും ചില്ലുകളും തകര്‍ത്തു. തുടര്‍ന്ന് സംഘം മറ്റ് രണ്ട് വീടുകളിലും അക്രമം അഴിച്ചുവിട്ടു.

5 വര്‍ഷമായി കേസുകളിലൊന്നും പെടാതെ കഴിയുന്ന മിഥുന്‍ അക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പുറത്തിറങ്ങിയില്ല. 3 വര്‍ഷമായി കൂട്ടുപ്രതികളുമായി സൗഹൃദത്തിലും ആയിരുന്നില്ല. കൂട്ടുപ്രതികള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതിനു മിഥുന്‍ ഇട്ട കമന്റ് ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്ന് പ്രതികള്‍ ഫോണിലൂടെ വാക്കേറ്റം നടത്തി. ഇതിന് ശേഷമാണ് ആക്രമണം നടന്നത്.

സംഭവത്തിന് ശേഷം പൊലീസിന് വിവരം കൈമാറിയെന്നാരോപിച്ച് സിപിഎം അഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പട്ടീലത്തൊടി സുഭാഷിന്റെയും സഹോദരന്‍ ബാബുവിന്റെയും വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ജനല്‍ ചില്ലുകളും 2 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും അക്രമത്തില്‍ തകര്‍ന്നു. വിഷയവുമായി ബന്ധപ്പെട്ട് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ദേവന്‍, അരുണ്‍, വിഷ്ണു, രമേഷ് എന്നിവരടക്കം 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Related News