പിണറായി വാളെടുത്ത് എന്റെ കഴുത്തിന് നേരെ വെട്ടാനോങ്ങി, ആ വെട്ട് തടുത്തപ്പോഴുണ്ടായ മുറിവാണിത്: കണ്ടോത്ത് ഗോപി

  • 19/06/2021

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ എറണാകുളം ഡി സി സി ഓഫീസില്‍ കൊണ്ടുവന്നത് കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കണ്ടോത്ത് ഗോപിയെ. ദിനേശ് ബീഡി സൊസൈറ്റിയിലെ നിയമന തര്‍ക്കത്തില്‍ പിണറായി വിജയന്‍ തന്റെ കഴുത്തിന് നേരെ വാളെടുത്ത് വെട്ടിയെന്നും അത് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈ മുറിഞ്ഞെന്നും കണ്ടോത്ത് ഗോപി ആരോപിച്ചു. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റായ കണ്ടോത്ത് ഗോപി കണ്ണൂര്‍ ഡി സി സി സെക്രട്ടറിയുമാണ്.

അതേസമയം, വാര്‍ത്താ സമ്മേളനം കഴിഞ്ഞയുടന്‍ സംഭവം നടക്കുന്ന സമയത്ത് കണ്ടോത്ത് ഗോപി ജനസംഘം പ്രവര്‍ത്തകനായിരുന്നുവെന്ന ആരോപണമാണ് സി പി എം സൈബര്‍ രംഗത്ത് ഉയര്‍ത്തുന്നത്. ഒരുപക്ഷേ, ഇതിന് മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞേക്കാം. വരുംദിവസങ്ങളില്‍ കണ്ടോത്ത് ഗോപിയുടെ വാക്കുകളും ചൂടുപിടിച്ച ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

കണ്ടോത്ത് ഗോപിയുടെ വാക്കുകള്‍

അടിയന്തിരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ 26 ലേബര്‍ തൊഴിലാളികളെ നിയമിച്ചു. 12 എ ഐ ടി യു സി, 12 ഐ എന്‍ ടി യു സി, രണ്ട് എച്ച് എം എ സുകാര്‍ എന്നിങ്ങനെയാണ് തൊഴിലാളികളെ നിയമിച്ചത്. സൊസൈറ്റിയുടെ പ്രസിഡന്റ് പാണ്ട്യാല ഗോപാലന്‍ മാസ്റ്റര്‍ അടിയന്തിരാവസ്ഥ തടവുകാരനായിരുന്നപ്പോഴാണ് നിയമനം. പിന്നീട് പി കെ വി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ 26 തൊഴിലാളികളെ പിരിച്ചുവിട്ടു.

ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് നാഷണല്‍ ബീഡി ആന്റ് സിഗാര്‍ വര്‍ക്കേര്‍സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന എന്റെയും പ്രസിഡന്റായിരുന്ന എന്‍ രാമകൃഷ്ണന്റെയും നേതൃത്വത്തില്‍ കാല്‍നട പ്രചാരണം നിശ്ചയിച്ചിരുന്നു. രാവിലെ 10 മണിക്കായിരുന്നു ആ ജാഥയുടെ ഉത്ഘാടനം. ഓലയമ്ബലം ബസാറില്‍ നിന്ന് ബെണ്ട്ട്ടായി റോഡ് സ്റ്റാര്‍ട്ട് ചെയ്യുന്നതിന്റെ ഇടത്ത് വശത്ത് ഞാനും കഴിഞ്ഞ ദിവസം മരിച്ച സുരേന്ദ്ര ബാബു എന്ന ബാബു മാസ്റ്ററും നില്‍ക്കുകയായിരുന്നു. അപ്പോഴാണ് മുപ്പതോളം പേര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ആയുധങ്ങളുമായി വന്നത്.

പിണറായി വിജയന്റെ കൈയില്‍ കൊടുവാള്‍ ഉണ്ടായിരുന്നു. നീയാണോടാ ജാഥ ലീഡര്‍ എന്ന് ചോദിച്ച് പിണറായി വാളെടുത്ത് എന്റെ കഴുത്തിന് നേരെ വെട്ടാനോങ്ങി. ആ വെട്ട് കൈകൊണ്ട് തടുത്തപ്പോഴുണ്ടായ മുറിവാണിത്. അന്ന് എ ഐ ടി യു സിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന പി പി മുകുന്ദനായിരുന്നു ജാഥയുടെ ഉദ്ഘാടകന്‍. അദ്ദേഹം അവിടെ നിന്ന് എന്നെ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയില്‍ വച്ച് മുറിവ് തുന്നിക്കെട്ടി പിന്നീട് സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. ആ സംഭവത്തിന്റെ കേസ് പിണറായി വിജയന്‍ സ്വാധീനം ചെലുത്തി മായ്ച്ചുകളഞ്ഞു. പൊലീസ് മൊഴിയെടുത്തെങ്കിലും കേസില്‍ എഫ് ഐ ആര്‍ ഇട്ടില്ല.

Related News