മോഹനന്‍ വൈദ്യരെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • 20/06/2021

വിവാദ പ്രകൃതിചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരിച്ചു. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെമുതല്‍ മോഹനന്‍ വൈദ്യര്‍ക്ക് പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരണമെന്ന് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.

കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 20 വര്‍ഷമായി ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്ത് 19ാം വാര്‍ഡില്‍ മരുത്തോര്‍വട്ടം ബിന്ദുനിവാസിലായിരുന്നു താമസം. അദ്ഭുതചികിത്സകള്‍ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരില്‍ ഒട്ടേറെത്തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. അശാസ്ത്രീയ ചികിത്സയെത്തുടര്‍ന്ന് പ്രൊപിയോണിക് അസിഡീമിയ രോഗം ബാധിച്ച ഒന്നരവയസുകാരി മരിച്ചതിനു പിന്നാലെ നരഹത്യയ്ക്ക് വൈദ്യര്‍ക്കെതിരെ കേസെടുത്തിരുന്നു. നിപ വൈറസ് ആരോഗ്യവകുപ്പിന്റെയും മരുന്നുകമ്ബനികളുടെയും ഗൂഢാലോചനയാണെന്ന് സോഷ്യല്‍മീഡിയയിലുടെ പ്രചരിപ്പിച്ചതിനും കേസുണ്ട്. കോവിഡിന് വ്യാജചികിത്സ നല്‍കിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് വിലക്കിയിരുന്നു.

ഭാര്യ: ലത. മക്കള്‍: രാജീവ്, ബിന്ദു. മരുമകന്‍: പ്രശാന്ത്. കോവിഡ് പരിശോധനയ്ക്കുശേഷം മൃതദേഹം ഞായറാഴ്ച ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ശവസംസ്‌കാരം നടത്തും.

Related News