ഇനി പിടിച്ച് നില്‍ക്കാനാകില്ല; ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കാണിക്കയായി ലഭിച്ച സ്വര്‍ണവും വെള്ളിയും ബോണ്ടാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്

  • 21/06/2021

തിരുവനന്തപുരം: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നു. ഇതില്‍ നിന്ന് കിട്ടുന്ന പലിശ എടുത്ത് തത്കാലം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം. ഉരുപ്പടികളുടെ മൂല്യത്തിന്റെ രണ്ടു ശതമാനത്തോളം പലിശയായി ലഭിക്കും. സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഉരുപ്പടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതായി ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ഹൈക്കോടതിയുടെ അനുമതിയോടെയാവും പരമ്പരാഗത തിരുവാഭരണങ്ങള്‍, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെ, ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഉരുപ്പടികള്‍ ബോണ്ടാക്കുക.

ക്ഷേത്രങ്ങള്‍ തുറക്കാനാവാത്തതുമൂലം 2020 മാര്‍ച്ച് മുതല്‍ ഇതുവരെ ബോര്‍ഡിന് 600 കോടിയോളം രൂപയാണ് വരുമാന നഷ്ടം. ശമ്പളവും പെന്‍ഷനും മുടങ്ങാനുള്ള സാദ്ധ്യതയുമുണ്ട്. ഇപ്പോള്‍ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കുന്നില്ലെങ്കിലും നിത്യപൂജകള്‍ നടക്കുന്നുണ്ട്. ബോര്‍ഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങള്‍ അടഞ്ഞു കിടക്കുന്നു. 5500 ഓളം ജീവനക്കാരുണ്ട്. ഒരു മാസം ശമ്പളത്തിനും പെന്‍ഷനുമായി 40 കോടിയോളം വേണം. നിത്യപൂജയ്ക്കും മറ്റുമായി 10 കോടിയോളം രൂപയും. പ്രധാന വരുമാന സ്രോതസായ ശബരിമലയിലെ വരുമാനം മുടങ്ങിയതാണ് ബോര്‍ഡിന് തിരിച്ചടിയായത്.

അടിയന്തര സഹായമായി സര്‍ക്കാരിനോട് നൂറ് കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നതിനനുസരിച്ചാകും ശമ്പളത്തിന്റെയും പെന്‍ഷന്റെയും കാര്യത്തില്‍ തീരുമാനമുണ്ടാകുക. സ്വര്‍ണ നിക്ഷേപത്തിനായി കോടതിയുടെ അനുവാദം നേടിയ ശേഷം സര്‍ക്കാരിനെ അറിയിക്കും. 



Related News