ബന്ധുക്കള്‍ എത്തുന്നതിന് മുന്നേ വിസ്മയയുടെ മൃതദേഹം വീട്ടില്‍നിന്ന് മാറ്റി; കൊലപാതകമാണെന്ന് ബന്ധുക്കള്‍

  • 21/06/2021

കൊല്ലം: കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മൃതദേഹം ബന്ധുക്കള്‍ എത്തുന്നതിന് മുന്നേ വീട്ടില്‍നിന്നും മാറ്റിയതായി പരാതി. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

യുവതിയുടെ വീട്ടുകാരെ പുലര്‍ച്ചെ വിസ്മയ തൂങ്ങി മരിച്ചുവെന്ന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നിലമേലില്‍ നിന്നും ശാസ്താംകോട്ടയിലെത്തി. എന്നാല്‍ ബന്ധുക്കള്‍ എത്തുന്നതിന് മുമ്പു തന്നെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ കൊല്ലം റൂറല്‍ എസ് പിയോട് റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് നിരന്തരം വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് വിസ്മയ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. ഈ തെളിവുകള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ വിസ്മയയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബലമായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

Related News