രാമനാട്ടുകര വാഹനാപകടം: മരിച്ചവര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവരെന്ന് സൂചന

  • 21/06/2021



കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവരെന്ന് സൂചന. ഏകദേശം 15 വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിവിധ സംഘങ്ങളുടേതായി 15 വാഹനങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ വന്നവരും ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം ഇവരില്‍ ഉള്‍പ്പെടുന്നതായി ആണ് റിപ്പോര്‍ട്ട്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം.അതേസമയം, അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് സ്വര്‍ണമോ മറ്റോ കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടന്‍ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വര്‍ണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും സംശയിക്കുന്നുണ്ട്.

ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‌കോര്‍ട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതിനാല്‍ ആരാണ് ചരല്‍ ഫൈസല്‍ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. 

വാഹനാപകടവുമായി ബന്ധപ്പെട്ട് നിലവില്‍ ആറു പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തില്‍മരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവര്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവര്‍ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരുടെ മൊഴി. എന്നാല്‍, വിമാനത്താവളത്തില്‍ ആരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്‌

Related News