കേരളത്തിലേക്ക് ചൈനയില്‍ നിന്ന് ടൂറിസ്റ്റുകളെ കൊണ്ടുവരും: മുഹമ്മദ് റിയാസ്

  • 23/06/2021



കണ്ണുര്‍ : സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡും ലോക്ഡൗണും ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലയാണിത്.ഈ മേഖലയിലെ ടൂറിസം ഗൈഡുമാരുള്‍പ്പെടെയുള്ളവരെ സഹായിക്കും. ഇതിനായി ഇന്‍സെന്റീവ് ഏര്‍പ്പെടുത്തും. വിദേശ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. പഞ്ചായത്തുകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മലബാറിലെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 'ഉത്തരവാദ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുക. ലോക ടൂറിസം ജേര്‍ണലില്‍ ടൂറിസം സാധ്യത ഏറ്റും കുറവ് ഉപയോഗിച്ച സ്ഥലങ്ങളിലൊന്നായാണ് മലബാറിനെ വിശേഷിപ്പിക്കുന്നത്. 2025  ആകുമ്പോഴേക്കും ഈ പോരായ്മ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതകള്‍ ടൂറിസത്തിനായി ഉപയോഗിക്കാന്‍ കഴിയും. ഇതിനായി കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഏറ്റവും വലിയ കര്‍മ്മ പദ്ധതികളിലൊന്നാണിത്.

പുതിയ തെരു മേലേ ചൊവ്വ മേല്‍പ്പാലം അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്നും ഇതിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ജീവിതോപാധികള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണുര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതു അംഗീകരിക്കില്ലെന്നും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ വിശദമായ റിപ്പോര്‍ട്ട് തേടിയതിനു ശേഷം നടപ്പിലാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


Related News