പതിനൊന്ന് വർഷത്തെ കണക്ക്; ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്

  • 23/06/2021


കോഴിക്കോട്: കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മീഷന് കീഴിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. 2010 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 23 വരെയുള്ള കണക്കുകൾ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 340 കേസുകൾ തീർപ്പാക്കിയതായും കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ അവകാശപ്പെടുന്നു.

വനിതാ കമ്മീഷനിൽ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ സ്ത്രീപീഡന കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നതും തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്. യഥാക്രമം 2544,3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്. ഇതിൽ 1565 സ്ത്രീപീഡന കേസുകളും 2569 ഗാർഹിക പീഡന കേസുകളും കമ്മീഷൻ തീർപ്പാക്കുകയും ചെയ്തു. കാസർകോട് ജില്ലയിലാണ് 2010 മുതൽ 2021 വരെയുള്ള കാലയളവിൽ ഏറ്റവും കുറവ് സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്(12). സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തിൽ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്(126).

അതേസമയം, ഇത് വനിത കമ്മീഷന് മുന്നിൽ വന്ന മാത്രം കേസുകളുടെ എണ്ണമാണ്. പോലീസിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് അധികൃതർ പറയുന്നത്.

Related News