വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി

  • 24/06/2021



വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് എം.സി.ജോസഫൈനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിക്കെതിരേ ക്ഷോഭിച്ച ജോസഫൈനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ടെലിവിഷന്‍ പരിപാടിയില്‍ പരാതി പറഞ്ഞ സ്ത്രീയോട് ജോസഫൈന്‍ ധാര്‍ഷ്ട്യത്തോടെയും പുച്ഛത്തോടെയും സംസാരിച്ചെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. ഇമെയില്‍ വഴിയാണ് ബിന്ദു കൃഷ്ണ പരാതി നല്‍കിയത്. ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് കയര്‍ത്തു സംസാരിച്ചാണ് വീണ്ടും എം.സി. ജോസഫൈന്‍ വീണ്ടു വിവാദത്തിലായത്.

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്. യുവതി സംസാരിച്ച് തുടങ്ങിയതുമുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. 'എന്നാല്‍ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു എം.സി.ജോസഫൈന്റെ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം. ഭര്‍ത്യപീഡനത്തിന് ഇരയായ ആളോടുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട എം.സി ജോസഫൈനെതിരെ മുമ്ബ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related News