വീണ്ടും ജനവിരുദ്ധ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം; ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശം

  • 25/06/2021


കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ വീണ്ടും ജനവിരുദ്ധ ഉത്തരവുമായി ഭരണകൂടം. ലക്ഷദ്വീപിലെ ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ ഒരാഴ്ചയ്ക്കകം പൊളിച്ചു മാറ്റണമെന്ന് അന്ത്യശാസനം നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ അനധികൃതമായി നിര്‍മിച്ച ഷെഡുകള്‍ ഒരാഴ്ചയ്ക്കകം പൊളിച്ച് മാറ്റണമെന്നാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. മല്‍സ്യത്തൊഴിലാളികള്‍ സ്വമേധയ ഷെഡ്ഡ് പൊളിച്ചില്ലെങ്കില്‍ റവന്യ വകുപ്പ് പൊളിച്ചുനീക്കും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെയും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണകൂടം മല്‍സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിയപ്പോള്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
admin.jpg

ഇതിനിടെ, കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ലക്ഷദ്വീപില്‍ ചരിത്രത്തില്‍ ആദ്യമായി ജയില്‍ ഐജിയെ നിയമിച്ചു. ദ്വീപ് നിവാസികളെ അധിക്ഷേപിച്ച് വിവാദത്തിലകപ്പെട്ട കലക്ടര്‍ അസ്‌കര്‍ അലിക്കാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്. ചീഫ് പ്രൊട്ടോക്കോള്‍ ഓഫിസറാണ് കലകടര്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞ ലക്ഷദ്വീപില്‍ ജയിലുകളുടെ ചുമതലയ്ക്കു വേണ്ടി ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കവരത്തിയിലെ സബ് ജയിലാണ് ലക്ഷദ്വീപിലെ പ്രധാന ജയില്‍. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ഗുണ്ടാ ആക്റ്റിന്റെ കരട് കേന്ദ്ര മന്ത്രാലയത്തില്‍ നിന്നു വിശദീകരണം ചോദിച്ച് തിരികെ വന്ന സാഹചരൃത്തില്‍ ജയില്‍ ഐജി നിയമനത്തെ ആശങ്കയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്.

Related News