ആദ്യമായി ഒരു വനിത സംസ്ഥാന പൊലീസ് മേധാവി ആയേക്കും

  • 25/06/2021



തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ബി സന്ധ്യയ്ക്ക് ലഭിച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ടോമിന്‍ തച്ചങ്കരി പട്ടികയില്‍ നിന്ന് പുറത്തായതോടെയാണ് സന്ധ്യ പൊലീസ് മേധാവിയാകുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. നിലവില്‍ അഗ്‌നിരക്ഷാ സേനാ മേധാവിയായ സന്ധ്യ പൊലീസ് മേധാവിയായാല്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും അവര്‍.

വിജിലന്‍സ് ഡയറക്ടര്‍ എസ് സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണ് സന്ധ്യയ്‌ക്കൊപ്പം അന്തിമപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ യു പി എസ് സി സമിതിയില്‍ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. ടോമിന്‍ തച്ചങ്കരി പട്ടികയില്‍ നിന്ന് പുറത്തായ സ്ഥിതിക്ക് സര്‍ക്കാരിന് സന്ധ്യയെ പൊലീസ് മേധാവിയാക്കാനാണ് താത്പര്യമെന്നാണ് വിവരം. മികച്ച ട്രാക്ക് റെക്കോര്‍ഡുളള സന്ധ്യ പൊലീസ് തലപ്പത്തേക്ക് എത്തുന്നത് സേനയ്ക്കും മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ വിരമിച്ച ശ്രീലേഖ ഐ പി എസ് അവരുടെ സര്‍വീസ് കാലയളവില്‍ പൊലീസ് മേധാവിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അന്ന് അത് നടന്നിരുന്നില്ല. സന്ധ്യ ഉള്‍പ്പടെ 30 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയ ഒമ്ബത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ യു പി എസ് സിക്ക് കൈമാറിയത്. പട്ടികയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിന്‍ഹ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മേധാവിയാണ്. അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങാന്‍ താത്പര്യം കാട്ടിയില്ല.

സംസ്ഥാനം നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്ബത് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗത്തിനെതിരെയു നിരവധി പരാതികളാണ് യു പി എസ് സിക്ക് ലഭിച്ചത്. എല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് യു പി എസ് സി അന്തിമ പട്ടിക സംസ്ഥാനത്തിന് നല്‍കിയത്.

Related News