ഇനി സുകുമാരക്കുറുപ്പിന്റെ കേസു കൂടി മാത്രമേ എന്റ തലയില്‍ വയ്ക്കാന്‍ ബാക്കിയുള്ളൂ: സുരേന്ദ്രന്‍

  • 26/06/2021



കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശബരിമല സമരകാലത്ത് ആരോ ഓട്ടോറിക്ഷയില്‍ ചാരായം കടത്തിയ കേസു വരെ തന്റെ പേരിലാണ് എടുത്തതെന്നും ഇനി സുകുമാരക്കുറുപ്പിന്റെ കേസു കൂടി മാത്രമേ സര്‍ക്കാര്‍ തന്റെ തലയില്‍ വയ്ക്കാന്‍ ബാക്കിയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊടകരയിലും മഞ്ചേശ്വരത്തുമൊക്കെയായി തെളിയാത്ത എല്ലാ കേസും തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം ആരോപിക്കുന്നു.

പോലീസില്‍ നിന്ന് യാതൊരു നീതിയും ലഭിക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ വ്യക്തമാക്കിയതാണെന്നും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജനങ്ങളുടെ സമ്മര്‍ദ്ദം മൂലം വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ച് പുറത്തു പോയ എം.സി.ജോസഫൈനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എം തീരുമാനമെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇന്ധനവില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സി.പി.എം എന്തുകൊണ്ടാണ് ഇത് എതിര്‍ക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു

Related News