സ്ത്രീധന പീഡന പരാതികള്‍ ഒറ്റ ഫോണ്‍കോളില്‍ നടപടി വേണം, കേസുകള്‍ക്കായി പ്രത്യേക കോടതി ആരംഭിക്കും: മുഖ്യമന്ത്രി

  • 26/06/2021

തിരുവനന്തപുരം: സ്ത്രീധന പീഡന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി. ഇത്തരം കേസില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പെണ്‍കുട്ടികളുടെ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഇനി ഉണ്ടായിക്കൂടാ. സ്ത്രീകളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ പോലീസ് കൂടുതല്‍ കാര്യക്ഷമമാക്കണം. ഒറ്റ ഫോണ്‍കോളില്‍ പരാതിക്കാരുടെ അടുത്ത് പോലീസ് എത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പുതിയ പോലീസ് സ്‌റ്റേഷനില്‍ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണം സ്ത്രീധന പീഡന പരാതികള്‍ കൂടുതലായി ഉയരുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ കാര്യക്ഷമം ആകണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സ്ത്രീധനം ഒരു സാമൂഹിക വിപത്താണ്. പെണ്‍കുട്ടികളുടെ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഇനിയും ഉണ്ടാകരുത്. അടുത്തിടെ നടന്ന സംഭവങ്ങള്‍ സമൂഹത്തിനാകെ നാണക്കേടാണ്. ഏതു പരാതിയിലും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണ് പോലീസ് എന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നേരത്തെതന്നെ ഉണ്ടായിരുന്നെങ്കിലും ഇത് കാര്യക്ഷമം ആയിരുന്നുവെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. അടുത്തിടെ ഉണ്ടായ പല സംഭവങ്ങളിലും ആദ്യഘട്ടത്തില്‍ പരാതിയില്‍ നടപടിയെടുക്കാന്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കേസുകളില്‍ നിയമനടപടികളും വൈകുന്നു. കോടതി നടപടികളില്‍ വൈകുന്നതു മൂലമാണ് പ്രത്യേക കോടതി സര്‍ക്കാര്‍ പരിഗണിക്കുന്നത്.

അപരാജിത ഓണ്‍ലൈന്‍ 

സ്ത്രീകളുടെ പരാതികള്‍ പ്രത്യേകം പരിഗണിക്കുന്നതിനുള്ള സംവിധാനം നേരത്തെതന്നെ സംസ്ഥാന പോലീസ് നടപ്പിലാക്കിയിരുന്നു. ഗാര്‍ഹികപീഡനം അനുഭവിക്കുന്നവര്‍ക്ക് പോലീസിനെ ഉടനടി വിളിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്ബറുകളും സജ്ജമായിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമും ഇതിനുപുറമേയുണ്ട്. ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവര്‍ക്ക് എസ് പി മാരെ വിളിക്കാനും വേറെ പദ്ധതിയുണ്ട്. ആഴ്ചയിലൊരു ദിവസം ജില്ലാ പോലീസ് മേധാവികള്‍ നേരിട്ട് പരാതി സ്വീകരിക്കും.

Related News