കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടാകുന്നു, വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യം:ബെഹ്‌റ

  • 27/06/2021

തിരുവനന്തപുരം: ഡിജിപി സ്ഥാനം ഒഴിയും മുമ്ബ് തുറന്നുപറച്ചിലുമായി ഡിജിപി ലോകനാഥ് ബെഹ്‌റ. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടായി മാറുന്നെന്ന് ബെഹ്‌റ തുറന്നടിച്ചു. വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നാണ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്.


ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയവരെ അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് വര്‍ഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാന്‍ പൊലീസിന് കഴിവുണ്ട്, അതുകൊണ്ട് പേടിക്കേണ്ടതില്ലെന്നും ബെഹ്‌റ പറഞ്ഞു. യുഎപിഎ നിയമം പാര്‍ലമെന്റില്‍ പാസായതാണെന്നും. അതുകൊണ്ട് തന്നെ ആ നിയമം നടപ്പിലാക്കുന്നതില്‍ തനിക്ക് വ്യക്തിപരമായി പ്രയാസങ്ങളൊന്നുമില്ലെന്നും ബെഹ്‌റ പറഞ്ഞു.


''ഞാനൊരു ലോ എന്‍ഫോഴ്‌സറാണ്. ഏത് നിയമം എനിക്ക് കിട്ടുന്നുവോ അത് ഞാന്‍ നടപ്പിലാക്കും. യുഎപിഎ പാര്‍ലമെന്റില്‍ പാസായിട്ടുള്ള നിയമാണ്. അത് വരുമ്‌ബോള്‍ നടപ്പിലാക്കേണ്ടി വരും. അതിന് എനിക്ക് മടിയൊന്നുമില്ല. മാവോയിസ്റ്റ് ആളുകളെ ടെക്‌നിക്കലി ടെററിസ്റ്റ് എന്ന് പറയാറില്ല. പക്ഷേ ചെയ്യുന്ന കാര്യങ്ങള്‍ ടെററിസ്റ്റ് പോലെ തന്നെയാണോ? പാവപ്പെട്ട ആളുകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി എനിക്ക് അഞ്ച് കിലോ അരി തരണമെന്നൊക്കെ എന്തിനാണ് പറയുന്നത്. മാവോയിസ്റ്റ് ആളുകള്‍ ഓട്ടോമാറ്റിക്ക് തോക്ക് പിടിച്ചിട്ട് കാട്ടില്‍ കയറുകയാണ്. ഈ ആളുകളെയൊക്കെ പിടിക്കുന്നതൊന്നും അത്ര എളുപ്പമല്ല. അപ്പോള്‍ ചിലപ്പോള്‍ സംഘര്‍ഷമുണ്ടാകും, '' ബെഹ്‌റ പറഞ്ഞു.

പൊലീസിനെതിരെ വിമര്‍ശനങ്ങളുണ്ടായ സമയത്ത് മുഖ്യമന്ത്രിയെ എല്ലാ കാര്യങ്ങളും നേരിട്ടറിയിക്കാറുണ്ടെന്നും, വസ്തുതകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പിണറായി വിജയനെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. പൊലീസിന് തെറ്റുപറ്റിയ സമയത്ത് അത് സിബിഐയ്ക്ക് വിടാനും മുഖ്യമന്ത്രി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി കൊലപാതകങ്ങളില്‍ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

പിണറായി വിജയന്‍ നൂറ് ശതമാനം പ്രൊഷണല്‍ മുഖ്യമന്ത്രിയാണെന്നും ബെഹ്‌റ പറഞ്ഞു. സിബിഐ മേധാവിയാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ജേഷ്ഠ്യസഹോദരനെ പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍കുമാറുമായി ഒരുഘട്ടത്തില്‍ പോലും തര്‍ക്കമുണ്ടായിരുന്നില്ല. സെന്‍കുമാറിനോട് ബഹുമാനമെ ഉണ്ടായിരുന്നുള്ളു. ഒരിക്കലും മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള പാലമായി പ്രവര്‍ത്തിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ബെഹ്‌റ പറഞ്ഞു. സിബിഐ മേധാവിയാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. മാര്‍ക്കിങില്‍ താനായിരുന്നു മുന്നിലെന്നും ബെഹ്‌റ പറഞ്ഞു.

സ്വര്‍ണക്കടത്ത് തടയാന്‍ മഹാരാഷ്ട്ര മാതൃകയില്‍ നിയമം കൊണ്ടുവരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പൊലീസിന്റെ പ്രവര്‍ത്തനം സ്വയം വിലയിരുത്തുന്നില്ല. ജനം വിലയിരുത്തട്ടെ. കോവിഡ് പ്രതിരോധത്തില്‍ പൊലീസിന്റെ സേവനം താരതമ്യമം ഇല്ലാത്തതാണ് എറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ്, കേരളാ പൊലീസ് രാജ്യത്തെ തന്നെ മികച്ച സേനകളില്‍ ഒന്നാണെന്നും ബെഹ്‌റ പറഞ്ഞു.


Related News